കെ.എം. ഷാജി സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതിൽ എന്താണ് തെറ്റ്? മന്ത്രിമാരുടെ വിദേശ യാത്രയിൽ സർക്കാറിന് ചെലവില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഔദ്യോഗിക യാത്രകൾക്കായി മന്ത്രി കെ.എം. ഷാജി സുഹൃത്തിന്റെ ആഡംബര വാഹനം ഉപയോഗിച്ചതിനെ പിന്തുണച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഷാജിയുടെ വാഹനം കേടായപ്പോൾ അദ്ദേഹത്തിന് സുഹൃത്തിന്റെ വാഹനം ഉപയോഗിക്കാൻ അനുമതി കൊടുത്തിട്ടുണ്ട്. പല മന്ത്രിമാരും പഴയ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഷാജി ഉപയോഗിക്കുന്നത് 10 വർഷം മുമ്പുള്ള വാഹനമാണ്. അത് ഇടക്കിടക്ക് കേടായി പോവുകയാണ്. തുടർന്നാണ് അദ്ദേഹം ഒരു സഹൃത്തിന്റെ വാഹനത്തിൽ യാത്ര ചെയ്തത്. അതിൽ എന്താണ് തെറ്റ്. ഇതിനു മുമ്പുള്ള എല്ലാ മന്ത്രിമാരും സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ സ്വകാര്യ വാഹനം ഉപയോഗിക്കാനുള്ള അനുമതി കൊടുത്തിട്ടുണ്ട്. സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതിൽ ഒരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിമാരുടെ വിദേശ യാത്രയിൽ സർക്കാറിന് ഒരു ചെലവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താനാണ് അവരോട് യാത്ര പോയി വരാൻ പറഞ്ഞത്. മന്ത്രിമാരെ സുഹൃത്തുക്കളും സംഘടനകളും ഒരു പരിപാടിക്ക് ക്ഷണിക്കുമ്പോൾ ടിക്കറ്റെടുത്ത് കൊടുക്കുന്നതുകൊണ്ട് ആകാശമൊന്നും ഇടിഞ്ഞുവീഴില്ലെന്നും മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ഇത്തരത്തിൽ യാത്ര പോയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ, കെ.എം. ഷാജി ഔദ്യോഗിക യാത്രകൾക്കായി ആഢംബര വാഹനം ഉപയോഗിച്ചതിനെ ന്യായീകരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമും രംഗത്തുവന്നിരുന്നു. ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോൾ അത് വർക്ക്ഷോപ്പിൽ കൊടുക്കുകയും താൽക്കാലികമായി അദ്ദേഹത്തിന്റെ മണ്ഡലത്തിൽ സഞ്ചരിക്കാൻ സുഹൃത്തിന്റെ ഒരു വാഹനം ഉപയോഗിക്കുകയുമായിരുന്നു. നിർഭാഗ്യവശാൽ അത് അൽപം വിലകൂടിയ ഒരു വാഹനമായിപോയി എന്നതാണ് കുറ്റം. ഷാജിയുടെ വാഹനം തിരിച്ചുകിട്ടിയപ്പോൾ അന്നു തന്നെ അത് തിരിച്ചേൽപിച്ചു. അന്നു തന്നെ വിവാദം അവസാനിച്ചെന്നും പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് നൽകിയ ഇന്നോവ നാല് ലക്ഷം കിലോമീറ്ററിലധികം ഓടിയ വാഹനമായതിനാലാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിക്കാൻ തീരുമാനിച്ചതെന്നായിരുന്നു ഷാജിയുടെ വിശദീകരണം. വിവാദമായതോടെ റേഞ്ച് റോവർ കാർ ഉടമക്ക് തിരിച്ചു നൽകുകയും ചെയ്തു. ഷാജി ഉപയോഗിച്ച KL 78 A 0009 റേഞ്ച് റോവറാണ് ഉടമയായ തില്ലങ്കേരി സ്വദേശി യാക്കൂബിന് തിരിച്ചേൽപ്പിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വാഹനമായി പുറത്തുനിന്ന് വാഹനം ഉപയോഗിക്കുന്നത് പ്രതിപക്ഷം വിവാദമാക്കിയിരുന്നു. സർക്കാർ നൽകിയത് കണ്ടം ചെയ്ത വണ്ടിയായതുകൊണ്ടാണ് നാട്ടിലോടാൻ സുഹൃത്തിന്റെ വണ്ടിയെ ആശ്രയിച്ചതെന്നും സർക്കാരിന്റെ അനുമതിയോടെയാണ് പതിമൂന്നാം നമ്പർ പതിച്ചതെന്നും കെ.എം. ഷാജി പറഞ്ഞിരുന്നത്.
