ദുബെക്ക് പകരം സഞ്ജുവിന് അവസരം ലഭിക്കുമോ;ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ടീമിൽ മാറ്റം?

Sanju

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ നിരന്തരം പരാജയപ്പെടുന്ന ശിവം ദുബെക്ക് പകരം സഞ്ജു സാംസണ് അവസരം നൽകണമെന്ന ആവശ്യം ഉയരുന്നു. ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ പത്തു റൺസിന് പുറത്തായിരുന്നു. ഇതുവരെ നാല് മത്സരങ്ങളിൽ 44 റൺസാണ് ദുബെയുടെ സമ്പാദ്യം. ഓൾറൗണ്ടറായാണ് ടീമിലെത്തിയതെങ്കിലും രോഹിത് ശർമ പന്ത് നൽകാറില്ല. ഇതോടെ നാളെ ബംഗ്ലാദേശിനെതിരായ മാച്ചിൽ സ്‌പെഷ്യലിസ്റ്റ് ബാറ്റർ എന്ന നിലയിൽ സഞ്ജു സാംസണ് അവസരം ലഭിച്ചേക്കും.Sanju

അതേസമയം, ലോകകപ്പിൽ ഇതുവരെ ഇന്ത്യയുടെ ഓപ്പണിങ് സെറ്റായിട്ടില്ല. ഇതോടെ വിരാട് കോഹ്‌ലിയെ വൺഡൗണിലേക്ക് മാറ്റി ഓപ്പണിങ് സ്ഥാനത്തേക്ക് യശസ്വി ജയ്‌സ്വാളിനെ പരിഗണിച്ചേക്കും. ഈയൊരു മാറ്റമാണ് വരുന്നതെങ്കിൽ മലയാളി താരത്തിന്റെ സാധ്യത അടയും. ഇതോടെ ഋഷഭ് പന്ത് ദുബെയുടെ സ്ഥാനത്ത് കളിക്കും. നാളെ ബംഗ്ലാദേശിനെ തോൽപിച്ചാൽ ഇന്ത്യക്ക് സെമി സാധ്യത ഉറപ്പാക്കാം. അവസാന മത്സരത്തിൽ സമ്മർദ്ദമില്ലാതെ ആസ്‌ത്രേലിയെ നേരിടാനുമാകും.

അഫ്ഗാനെതിരായ മാച്ചിൽ ബൗളിങിൽ ഇന്ത്യ മാറ്റം വരുത്തിയിരുന്നു. പേസർ മുഹമ്മദ് സിറാജിന് പകരം സ്പിന്നർ കുൽദീപ് യാദവിനാണ് അവസരം നൽകിയത്. എന്നാൽ ആസ്‌ത്രേലിയക്കെതിരെ സിറാജ് തിരിച്ചെത്താനുള്ള സാധ്യത കൂടുതലാണ്. ശിവം ദുബെക്ക് പുറമെ രവീന്ദ്ര ജഡേജയുടെ ഫോമും ഇന്ത്യക്ക് ആശങ്കയാണ്. ഫിനിഷറുടെ റോളിൽ കഴിഞ്ഞമാച്ചിൽ താരം പരാജയപ്പെട്ടിരുന്നു. ആൻറിഗ്വയിലെ പിച്ചിൽ സ്പിന്നർമാർക്ക് വലിയ റോളില്ലാത്തതിനാൽ കുൽദീപ് യാദവിനോ രവീന്ദ്ര ജഡേജക്കോ പകരം മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്താനും സാധ്യതയുണ്ട്. ഐ.പി.എല്ലിലെ മികച്ച പ്രകടനത്തെ തുടർന്നാണ് സഞ്ജുവിന് ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് വിളിയെത്തിയത്. എന്നാൽ ലോകകപ്പിൽ ഒരുമാച്ചിൽ പോലും അവസരം ലഭിച്ചിരുന്നില്ല.

 

Leave a Reply

Your email address will not be published. Required fields are marked *