ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ലോഡ്ജിൽ ഒപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെയാണ് യുവതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീലയെ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. ലോഡ്ജിൽ ഒപ്പമുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി സനൂഫിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. സനൂഫിനായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഫസീലയും സനൂഫും ഒരുമിച്ചാണ് ലോഡ്ജിൽ റൂം എടുത്തിരുന്നത്.
മരണം അറിഞ്ഞ് പോലീസ് എത്തുമ്പോൾ സനൂഫ് ലോഡ്ജിൽ ഇല്ലായിരുന്നു. ഇയാൾ ലോഡ്ജിൽ നൽകിയ നമ്പറും അഡ്രസ്സും വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ ഉപയോഗിച്ചിരുന്ന കാർ പാലക്കാട് ചക്കാന്തറയിൽ വച്ച് കണ്ടെത്തി. ലോഡ്ജ് ബില്ല് അടക്കാൻ പണം കൊണ്ട് വരാമെന്ന് പറഞ്ഞായിരുന്നു സനൂഫ് പുറത്തേക്ക് പോയത്.