സ്ത്രീ സുരക്ഷാ നിയമങ്ങൾ ഭർത്താക്കന്മാരിൽ ആധിപത്യം സ്ഥാപിക്കാനുള്ളതല്ല: സുപ്രിംകോടതി
ന്യൂഡൽഹി: സ്ത്രീ സുരക്ഷാ നിയമങ്ങൾ ഭർത്താക്കന്മാരിൽ ആധിപത്യം സ്ഥാപിക്കാനുള്ളതല്ലെന്ന് സുപ്രിംകോടതി. സ്ത്രീകളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന നിയമങ്ങൾ ഭര്‍ത്താക്കന്‍മാരെ ഉപ്രദവിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള ഉപകരണമായി ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി പറഞ്ഞു.Supreme Court
ബെംഗളൂരുവില്‍ ടെക്കിയായ അതുല്‍ സുഭാഷ് ജീവനൊടുക്കിയതില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ നിരീക്ഷണങ്ങള്‍. ‘നിലവിലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി മുന്‍ ഭര്‍ത്താവ് ജീവിത കാലം മുഴുവന്‍ മുന്‍ പങ്കാളിയെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥനല്ല എന്ന്’ കോടതി പറഞ്ഞു. ഹിന്ദു വിവാഹം ഒരു വാണിജ്യ സംരംഭം അല്ല, അത് കുടുംബത്തിന്റെ അടിത്തറയാണ് എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി നാഗരത്‌നയും പങ്കജ് മിത്തലും ഉൾപ്പെടുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങൾ.
‘ക്രിമിനൽ നിയമത്തിലെ വ്യവസ്ഥകൾ സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമാണ്. എന്നാൽ ചില സ്ത്രീകൾ തെറ്റായ ആവശ്യങ്ങൾക്കായി അത് ഉപയോഗിക്കുന്നുണ്ട്. ഭർത്താവിനെയും കുടുംബത്തെയും അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ഉപകരണമായി ഉപയോഗിക്കരുതെന്നും’ കോടതി അഭിപ്രായപ്പെട്ടു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, വിവാഹിതയായ സ്ത്രീയെ ക്രൂരതയ്ക്ക് വിധേയയാക്കൽ എന്നിവ ഉൾപ്പെടെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ബെഞ്ച് നിരീക്ഷിച്ചു.