ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി; കുഴിമണ്ണ സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ
മലപ്പുറം: ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത സർക്കാർ ഡോക്ടറെ സസ്പെൻഡ് ചെയ്തു. മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ.അബ്ദുൽ ജലീലിനെയാണ് സസ്പെൻഡ് ചെയ്തത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ ഇയാൾ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തതിനാണ് സസ്പെൻഷൻ.
അബ്ദുൽ ജലീൽ ഡ്യൂട്ടി സമയത്ത് മറ്റ് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്നതായി വ്യാപകമായി പരാതിയുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്.
കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായ ഇയാള്‍ ഡ്യൂട്ടി സമയം തീരും മുമ്പേ മമ്പാടുള്ള സ്വകാര്യ ക്ലിനിക്കിലേക്കു പോവുകയാണ്. ഇതിനാല്‍ ചികില്‍സ ലഭിക്കാതെ നിരവധി രോഗികള്‍ ബുദ്ധിമുട്ടിലാകുന്നതായി വിജിലന്‍സിനു വിവരം ലഭിച്ചിരുന്നു. ഇയാള്‍ മമ്പാട് സ്വകാര്യക്ലിനിക്കില്‍ ജോലി ചെയ്യുന്നതിന്റെ രേഖകളും പിടിച്ചെടുത്തു. സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ ഡോക്ടറെ ഉപയോഗിച്ച് ക്ലിനിക്ക് ജോലി ചെയ്യിപ്പിച്ച ക്ലിനിക്ക് ഉടമക്കെതിരേയും നടപടി ഉണ്ടാകും.