ഗസ്സ വെടിനിർത്തൽ പ്രഖ്യാപനം കാത്ത് ലോകം; കരാർ വ്യവസ്ഥകൾ ഹമാസും ഇസ്രായേലും തത്വത്തിൽ അംഗീകരിച്ചെന്ന് റിപ്പോർട്ട്

Hamas

ദോഹ: ഗസ്സ വെടിനിർത്തൽ പ്രഖ്യാപനം കാത്ത് ലോകം. കരാർ വ്യവസ്ഥകൾ ഹമാസും ഇസ്രായേലും തത്വത്തിൽ അംഗീകരിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം ഇസ്രായേലിലെ തീവ്രജൂതപക്ഷ മന്ത്രിമാർ വെടിനിർത്തലിനെതിരെ ശക്തമായി രംഗത്തുണ്ട്.Hamas

ഗസ്സ ആക്രമണം അവസാനിപ്പിക്കാനും ബന്ദികളുടെ മോചനം ഉറപ്പാക്കാനുമുള്ള കരാർ സംബന്ധിച്ച്​ ഇസ്രായേലും ഹമാസും തമ്മിൽ തത്വത്തിൽ ധാരണയിലെത്തിയെന്നാണ്​ റിപ്പോർട്ട്​. സാ​ങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി കരാർ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും നൽകുന്ന സൂചന.

ഇസ്രായേൽ പാർലമെന്‍റും സുപ്രിംകോടതിയും കരാർ അംഗീകരിച്ചതിനു ശേഷം മാത്രമാകും ഔദ്യോഗിക പ്രഖ്യാപനം. ഇസ്രായേലും ഹമാസും കരാർ സംബന്ധിച്ച്​ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും ചർച്ചയിൽ വലിയ പുരോഗതിയുള്ളതായി ഇരുപക്ഷവും സൂചന നൽകി. ഇസ്രായേൽ സുരക്ഷാ മേധാവികളുടെ യോഗം വിളിച്ചുചേർത്ത പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, വെടിനിർത്തൽ കരാറിന്‍റെ വിശദാംശങ്ങൾ വിലയിരുത്തി. ഖത്തറിലുള്ള മൊസാദ്​ മേധാവി ഡേവിഡ്​ ബെർണിയയുമായി പ്രധാനമന്ത്രി നെതന്യാഹു, വീഡിയോ കോളിൽ ചർച്ചയുടെ പുരോഗതിയും വിലയിരുത്തി.

42നാളുകൾ വീതം നീണ്ടുനിൽക്കുന്ന മൂന്ന്​ ഘട്ടങ്ങളുള്ള വെടിനിർത്തൽ കരാറിലൂടെ ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കും. സൈനിക പിൻമാറ്റവും നൂറിലേറെ വരുന്ന ബന്ദികളുടെ മോചനവും നടക്കും. ഗസ്സയുടെ പുനർനിർമാണവും പുറന്തള്ളിയ ഫലസ്തീനികളുടെ തിരിച്ചുവരവും കരാറിൽ ഇടം പിടിച്ചതായാണ്​ വിവരം. മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനും ഫലസ്തീന്‍ തടവുകാരുടെ മോചനത്തിനും ഇസ്രായേൽ നടപടിക്രമങ്ങൾ ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

അതേസമയം ബെൻ ഗവിർ, യോയൽ സ്മോട്രിച്ച്​ എന്നീ മന്ത്രിമാർ കരാറിൽ ഒപ്പുവെക്കരുതെന്ന നിലപാടിലാണ്​. എന്നാല്‍, രാജ്യത്തിന്‍റെ വിശാല താൽപര്യങ്ങൾ എല്ലാവരും മാനിക്കണമെന്ന്​ നെതന്യാഹുവിന്‍റെ ഓഫീസ്​ പ്രതികരിച്ചു. ഈ മാസം 20ന്​ ഡൊണാൾഡ്​ ട്രംപ്​ അധികാരമേൽക്കും മുമ്പ്​ കരാർ യാഥാർഥ്യമാകുമെന്ന്​ യുഎസ്​ നേതൃത്വം വ്യക്തമാക്കി. ഇതിനിടെ ഗസ്സയിൽ, ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 61 പേർ കൂടി കൊല്ലപ്പെട്ടു. വെസ്റ്റ്​ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമസേന ബോംബിട്ട്​ ആറ് ഫലസ്തീനികളെ കൊലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *