മഞ്ഞക്കുറ്റിയിൽ വലഞ്ഞ് ജനം: തങ്ങളുടെ ഭൂമി ക്രയവിക്രയം ചെയ്യാൻ പറ്റാത്ത് അവസ്ഥ
തിരുവനന്തപുരം: കോടികൾ പാഴാക്കിയ കെ. റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മഞ്ഞക്കുറ്റിയിൽ വലഞ്ഞ് ജനം. സർവേ നടത്തിയ ഭൂമിയിൽ ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ലെന്നും റിയൽ എസ്റ്റേറ്റ് മാഫിയ ഭൂമിയുടെ വില ഇടിച്ചു താഴ്ത്തിയെന്നും ആക്ഷേപമുണ്ട്. ഭൂമി വാങ്ങാനോ പണയം വെക്കാനോ കഴിയാത്ത സ്ഥിതിയാണിപ്പോൾ. 10 ലക്ഷത്തിന് മുകളിൽ വിലയുണ്ടായിരുന്ന ഭൂമിക്ക് ഇപ്പോൾ നാല് ലക്ഷം രൂപ തരാമെന്നാണ് പറയുന്നത്.
ഭൂമി ഏറ്റെടുക്കൽ നടപടി റദ്ദാക്കിയിട്ടും സമരത്തിന്റെ ഭാഗമായവർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ തുടരുകയാണ്. നിരവധി പേർക്ക് പാസ്പോർട്ട് ലഭിക്കാത്ത സ്ഥിതിയുണ്ട്. ഏറെ കൊട്ടിഘോഷിച്ച സില്‍വര്‍ ലൈന്‍ പദ്ധതി ഒടുവില്‍ സര്‍ക്കാരും ഉപേക്ഷിച്ചു. കെ-റെയില്‍ വരും എന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം. എന്നാല്‍, കേരളത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാറിന് പദ്ധതിയുമായി മുന്നോട്ടുപോവാനായില്ല. കാസർകോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അതിവേഗ റെയില്‍ പദ്ധതിയായിരുന്നു സില്‍വര്‍ ലൈന്‍. നാല് മണിക്കൂര്‍ കൊണ്ട് കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് എത്തുമെന്ന അവകാശവാദമായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നത്.
ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധം ഉയർന്നു. സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ സര്‍വേ നടത്തി മഞ്ഞക്കുറ്റി സ്ഥാപിച്ചതോടെ പ്രതിഷേധം കനത്തു. പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. മഞ്ഞക്കുറ്റി സ്ഥാപിക്കാന്‍ ശ്രമിച്ചതോടെ കേരളത്തില്‍ നിരവധിയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെയാണ് മഞ്ഞക്കുറ്റി സ്ഥാപിക്കല്‍ താത്കാലികമായി നിര്‍ത്തിവെച്ചത്.
എന്നാല്‍, എന്ത് വിലകൊടുത്തും കെ-റെയില്‍ നടപ്പാക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയതോടെ വീണ്ടും പ്രതിഷേധം കനത്തു. കോണ്‍ഗ്രസും ബി.ജെ.പിയും കെ-റെയില്‍ പദ്ധതിക്കെതിരെ സമരം പ്രഖ്യാപിച്ചു. ഇതേസമയത്ത് തന്നെയാണ് കേന്ദ്ര റെയില്‍ മന്ത്രാലയം സില്‍വന്‍ ലൈന്‍ പദ്ധതിക്കുള്ള അനുമതി നിഷേധിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി അപ്രായോഗികമാണെന്ന നിലപാടിലേക്ക് റെയില്‍വേയും എത്തുകയായിരുന്നു. ഇതോടെ കെ-റെയില്‍ സംസ്ഥാനത്ത് ഒരു രാഷ്ട്രീയ വിഷയമായി മാറി.
മുഖ്യമന്ത്രി പിണറായി വിജയന് കെ-റെയില്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ എത്തി കേന്ദ്രമന്ത്രിമാരുമായി പലതവണ കൂടിക്കാഴ്ചക നടത്തിയെങ്കിലും സില്‍വര്‍ ലൈനിന് അനുമതി ലഭിച്ചില്ല. ഇതോടെ കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. സില്‍വര്‍ ലൈനിന് പകരമായി റീജനല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം നടപ്പാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും ജനസാന്ദ്രതയും കണക്കിലെടുത്താണ് പുതിയ അതിവേഗ റെയില്‍ പദ്ധതിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പരിസ്ഥിതി സംരക്ഷണവും ജനസാന്ദ്രതയും പരിഗണിച്ച് ഭൂമി ഏറ്റെടുക്കല്‍ പരമാവധി കുറച്ച് ഭൂരിഭാഗവും തൂണുകളിന്മേലുള്ള പാതയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. സില്‍വര്‍ ലൈനിനായി സര്‍ക്കാര്‍ സര്‍വേ നടത്തി സ്ഥാപിച്ച മഞ്ഞ കുറ്റികള്‍ ഇപ്പോഴും നിരവധി പേരുടെ വീടുകള്‍ക്കുള്ളിലും പുറത്തുമായി സ്ഥിതി ചെയ്യുന്നുണ്ട്.
