‘നിന്‍റെ ജീവൻ നീ നോക്കണമെന്ന് എഴുതി വാങ്ങിച്ചു, അർജുന് വേണ്ടി പുഴയിലേക്കിറങ്ങിയത് സ്വന്തം റിസ്‌കിൽ’; ഈശ്വർ മാൽപെ
ഷിരൂർ: കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരിച്ചിലിന് പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണെന്ന് മുങ്ങല്‍ വിദഗ്ധനും മത്സ്യത്തൊഴിലാളിയുമായ ഈശ്വർ മാൽപെ.
‘പുഴയ്ക്കടിയിൽ സ്റ്റേ വയറും തടിയും കണ്ടു.എന്നാൽ വണ്ടി കണ്ടെത്താനായിട്ടില്ല. കമ്പി വലിച്ച് ലോറി ഉണ്ടോ എന്ന് നോക്കണം. ശക്തമായ ഒഴുക്കായതിനാൽ പുഴക്കടിയിൽ ഒന്നും കാണാൻ സാധിക്കുന്നില്ല’.. ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു.
‘ചായക്കടയുടെ തകരഷീറ്റുകൾ,കമ്പികൾ, 20 അടി താഴ്ചയിൽ പാറക്കെട്ടും കല്ലുകളുമെല്ലാമുണ്ട്.ഇന്നും തെരച്ചിൽ നടത്തും. വലിയ മരങ്ങളും അടിയിലുണ്ട്. ഇന്നലെ ആറുതവണ മുങ്ങിത്തപ്പിയിട്ടുണ്ട്’…ഈശ്വർ മാൽപെ പറഞ്ഞു. നിന്റെ ജീവൻ നീ നോക്കണം എന്ന് അവർ എഴുതി വാങ്ങിച്ചിട്ടുണ്ട്. അത് രേഖാമൂലം എഴുതിക്കൊടുത്താണ് തിരച്ചിൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതികൂല കാലാവസ്ഥയുടെ പേരിൽ രക്ഷാദൗത്യത്തിൽ നിന്ന് പിന്നോട്ട് പോകുന്നതിനോട് കേരളസർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.സമയ ബന്ധിതമായി കാര്യങ്ങൾ ചെയ്യണം. രക്ഷാ ദൗത്യം നടക്കുന്നിടത്തെ വിവരങ്ങൾ കൃത്യമായി അർജുന്റെ കുടുംബത്തെ അറിയിക്കണമെന്നും റിയാസ് പറഞ്ഞു. കുടുംബത്തിനെതിരായ സൈബർ ആക്രമണം ഗുരുതരമാണെന്നും പിന്നിൽ മറ്റ്താൽപര്യമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.