മലപ്പുറത്ത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം; സ്‌കൂട്ടര്‍ റോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തത് പ്രകോപനമായി
മലപ്പുറം മങ്കട വലമ്പൂരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്‍ ഒരു മണിക്കൂറോളം റോഡില്‍ രക്തം വാര്‍ന്നു കിടന്നു. സ്‌കൂട്ടര്‍ റോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ഷംസുദ്ദീന് ഇടതു കണ്ണിന് പരിക്കേറ്റു. ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം. മങ്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകിട്ട് ഒരു മരണ വീട്ടില്‍ നിന്ന് തിരിച്ചു വരികയായിരുന്നു ഷംസുദ്ദീന്‍. വലമ്പൂരില്‍ റോഡിലൂടെ വാഹനമോടിച്ച് വരുമ്പോള്‍ മുന്നില്‍ ഉണ്ടായിരുന്ന സ്‌കൂട്ടര്‍ പെട്ടന്ന് ബ്രേക്ക് ഇടുകയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ഷംസുദ്ദീന്‍ യാത്ര തുടരുകയായിരുന്നു. എന്നാല്‍ സ്‌കൂട്ടര്‍ ക്രോസായിട്ട് ഷംസുദ്ദിനെ തടയുകയായിരുന്നു. ഒപ്പം തന്നെ സ്‌കൂട്ടറിലുള്ളയാള്‍ മറ്റൊരാളെക്കൂടി വിളിച്ചു വരുത്തി. ഇയാള്‍ കാരണമൊന്നും ചോദിക്കാതെ ഷംസുദ്ദിനെ മര്‍ദിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ ആളുകളെ വിളിച്ചു വരുത്തുകയും വന്നവരെല്ലാം ഒരു കാരണവുമില്ലാതെ ഷംസുദ്ദീനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതിയിലുള്ളത്.
ഇയാള്‍ ലഹരിയിലാണെന്ന് വര്‍ദ്ദിച്ചവര്‍ പറഞ്ഞു പരത്തിയതോടെ പരിക്കേറ്റ് ഒന്നര മണിക്കൂറോളം റോഡില്‍ കിടക്കേണ്ടി വന്നു. വെള്ളം പോലും കിട്ടാതെയാണ് ഒന്നര മണിക്കൂറോളം റോഡില്‍ കിടന്നത്. കരുവാരകുണ്ടില്‍ നിന്ന് ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. വിഷയത്തില്‍ കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.