‘അതെന്റെ തെറ്റ്, ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയിരുന്നില്ല’; അഭിഷേക് ശർമയുടെ കൈപിടിച്ചു വലിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് ആരാധിക

ജയ്പൂർ: സൺറൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശർമയെ ആരാധകർക്കിടയിൽ വെച്ച് കൈപിടിച്ചു വലിച്ച യുവതി മാപ്പപേക്ഷയുമായി രംഗത്ത്. ഹിംശിഖ ത്രിപാഠി എന്ന ആരാധികയാണ് താരത്തെ അപ്രതീക്ഷിതമായി കൈപിടിച്ചു വലിച്ചതും പിന്നീട് സംഭവത്തിൽ മാപ്പു പറഞ്ഞതും. ജയ്പൂരിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഹിംശിഖ തന്നെയാണ് സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

ഹസ്തദാനം ചെയ്യുന്നതിനിടയിൽ അഭിഷേക് ശർമയുടെ കൈപിടിച്ച് വലിക്കുകയായിരുന്നു യുവതി. അപ്രതീക്ഷിത നീക്കത്തിൽ താരം പകച്ചുപോയി. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് യുവതിയുടെ കൈ വിടുവിക്കുകയായിരുന്നു. ഇതിനുശേഷം, ആരാധിക തന്നെ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

താരത്തിന്റെ കൈ പിടിച്ചു വലിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം ‘മര്യാദയ്ക്ക് പറഞ്ഞിട്ട് സമ്മതിക്കാത്തതുകൊണ്ട് നേരിട്ട് ഇടപെടേണ്ടി വന്നു’ എന്ന അർഥത്തിൽ ഒരു തമാശരൂപേണയുള്ള ഹിന്ദി അടിക്കുറിപ്പോടെയാണ് അവർ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ, ഈ അടിക്കുറിപ്പ് പലർക്കും അത്ര രസിച്ചില്ല. അനുവാദമില്ലാതെ താരത്തെ സ്പർശിച്ചത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ആരാധകർ കടുത്ത വിമർശനമുയർത്തിയതോടെയാണ് ഹിംശിഖ വിശദീകരണവുമായി എത്തിയത്.

ഐ.പി.എല്ലിലെ വലിയ താരമാകുന്നതിന് മുമ്പുതന്നെ അഭിഷേക് ശർമയെ പിന്തുടരുന്ന കടുത്ത ആരാധികയാണ് താനെന്നും തിരക്കിനിടയിൽ അറിയാതെ പറ്റിപ്പോയ അബദ്ധമാണെന്നുമാണ് ഇവരുടെ വിശദീകരണം. ‘താരത്തിന് കൈകൊടുക്കാൻ ശ്രമിക്കുന്നതിനിടെ തിരക്ക് കാരണം കൈപിടിച്ച് വലിച്ചുപോയതാണ്. മോശമായി ഒന്നും ഉദ്ദേശിച്ചിരുന്നില്ല. പെട്ടെന്നുണ്ടായ പരിഭ്രമത്തിൽ ചെയ്ത തെറ്റായിരുന്നു അത്. ഉടൻതന്നെ തന്റെ സഹോദരൻ തന്നെ പിന്നിലേക്ക് വലിച്ചുമാറ്റിയിരുന്നു. ആ സമയത്ത് ഇതൊരു ‘സ്​പെഷൽ ഫാൻ മൊമെന്റ്’ ആയി തോന്നിയതുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയിരുന്നില്ല. തന്റെ പ്രവർത്തി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും യുവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.