മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം വീതം ധനസഹായം; ‘തൂഫാൻ’ മോഡലിൽ റോഡ് സുരക്ഷ കാമ്പയിൻ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇടുക്കി, മലപ്പുറം, കോട്ടയം ജില്ലകളിൽ മരണപ്പെട്ട ഒമ്പത് പേരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി, കോട്ടയം ജില്ലയിൽ രണ്ടുപേർ വീതവും മലപ്പുറത്ത് അഞ്ചുപേരുമാണ് മരണപ്പെട്ടത്.

സംസ്ഥാനത്തെ വയോജന ക്ഷേമ വകുപ്പിന്റെ (Elderly Welfare Department) പേര് മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ് (Department for Senior Citizens) എന്ന് പുനർനാമകരണം ചെയ്യും. കേരളത്തിൽ റോഡ് അപകടങ്ങളും മരണനിരക്കും വർധിച്ചുവരുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷാ കാമ്പയിൻ ഗവൺമെന്റ് ആരംഭിക്കും. ട്രാൻസ്പോർട്ട് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഈ പ്രചാരണം സംഘടിപ്പിക്കുന്നത്. ‘തൂഫാൻ’ മോഡൽ ബോധവൽകരണ പരിപാടികൾക്കൊപ്പം കർശനമായ നിയമനടപടികളും സ്വീകരിച്ച് അപകടങ്ങൾ ഗണ്യമായി കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പൊതുജനങ്ങളുടെ പൂർണ്ണ സഹകരണവും അഭ്യർഥിച്ചു.