Spanish Super Cup: സാക്ഷിയായി റൊണാള്‍ഡോ, ബാഴ്‌സ ചാരം, റയല്‍ മാഡ്രിഡ് ചാമ്പ്യന്മാര്‍

Spanish Super cup final

റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മുത്തം. ആവേശകരമായ ഫൈനലില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയുമാണ് നേര്‍ക്കുനേര്‍ എത്തിയത്. ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ബാഴ്‌സയെ കെട്ടുകെട്ടിച്ചാണ് റയല്‍ മാഡ്രിഡ് കപ്പില്‍ മുത്തമിട്ടത്. എല്‍ ക്ലാസിക്കോയുടെ പോരാട്ടവീര്യം പുറത്തെടുക്കാനാവാതെ ബാഴ്‌സലോണ റയലിന് മുന്നില്‍ തലകുനിക്കുകയായിരുന്നു. റിയാദിലാണ് മത്സരം നടന്നത്. ഈ മത്സരത്തിന് സാക്ഷിയായി മുന്‍ റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുണ്ടായിരുന്നു.

നിലവില്‍ സൗദി ക്ലബ്ബിനായി കളിക്കുന്ന റൊണാള്‍ഡോ മത്സരം കാണാനെത്തിയതോടെ അദ്ദേഹത്തിനുള്ള ആദരവെന്ന നിലയിലാണ് തകര്‍പ്പന്‍ ജയം റയല്‍ മാഡ്രിഡ് താരങ്ങള്‍ സമ്മാനിച്ചത്. റൊണാള്‍ഡോ എന്ന ഐതിഹാസിക നാമം മുഴങ്ങിക്കേട്ട ഗ്യാലറിയില്‍ ബാഴ്‌സലോണയുടെ തന്ത്രങ്ങളെല്ലാം അപ്രസക്തമായി. 4-3-1-2 ഫോര്‍മേഷനിലിറങ്ങിയ റയല്‍ മാഡ്രിഡിനെ 4-2-3-1 ഫോര്‍മേഷനിലാണ് ബാഴ്‌സലോണ നേരിട്ടത്. തുടക്കം മുതല്‍ റയല്‍ കടന്നാക്രമിച്ചു. ഏഴാം മിനുട്ടില്‍ റയല്‍ അക്കൗണ്ട് തുറന്നു. ജൂഡ് ബെല്ലിങ്ഹാം ഗോളിന് വഴിയൊരുക്കിയപ്പോള്‍ വിനീഷ്യസ് ജൂനിയറിന് പിഴച്ചില്ല. തുടക്കത്തിലേ ലഭിച്ച ലീഡ് മുതലാക്കിക്കളിച്ച റയല്‍ 10ാം മിനുട്ടില്‍ ലീഡുയര്‍ത്തി. റോഡ്രിഗോയുടെ അസിസ്റ്റില്‍ വിനീഷ്യസ് ജൂനിയറാണ് വലകുലുക്കിയത്. ഗോള്‍മടക്കാന്‍ ബാഴ്‌സലോണയുടെ ചില മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും ഒന്നും ഗോളിലേക്കെത്തിയില്ല. 33ാം മിനുട്ടില്‍ ബാഴ്‌സലോണ ഒരു ഗോള്‍ മടക്കി.

ലയണല്‍ മെസിയുടെ പകരക്കാരനായി ബാഴ്‌സലോണ കണ്ടെത്തിയ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയാണ് ബാഴ്‌സലോണയുടെ ഏക ഗോള്‍ നേടിയത്. ഒരു ഗോള്‍ നേടിയതോടെ തിരിച്ചുവരവ് പ്രതീക്ഷയിലായിരുന്നു ബാഴ്‌സലോണ. എന്നാല്‍ 39ാം മിനുട്ടില്‍ വീനീഷ്യസ് ജൂനിയറിലൂടെ വീണ്ടും റയല്‍ ലീഡുയര്‍ത്തി. ഇത്തവണ പെനല്‍റ്റി വിനീഷ്യസ് വലയിലാക്കുകയായിരുന്നു. ഇതോടെ യുവ സൂപ്പര്‍ താരം ഹാട്രിക്കും പൂര്‍ത്തിയാക്കി. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ 3-1ന്റെ വ്യക്തമായ ആധിപത്യം റയലിനുണ്ടായിരുന്നു. ആദ്യ പകുതിയില്‍ 60 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാനും എട്ടിനെതിരേ 9 ഗോള്‍ശ്രമം സൃഷ്ടിക്കാനും ബാഴ്‌സലോണക്കായിരുന്നു. എന്നാല്‍ ഭാഗ്യം മാത്രം തുണച്ചില്ല. രണ്ടാം പകുതിയുടെ 61ാം മിനുട്ടില്‍ മൂന്ന് മാറ്റങ്ങളാണ് ബാഴ്‌സലോണ ടീമില്‍ വരുത്തിയത്. എന്നാല്‍ മാറ്റങ്ങളിലാതെ തുടര്‍ന്ന റയല്‍ 64ാം മിനുട്ടില്‍ നാലാം ഗോളും അക്കൗണ്ടിലാക്കി. റോഡ്രിഗോയാണ് റയലിനായി ലക്ഷ്യം കണ്ടത്. പിന്നീടങ്ങോട്ട് അഞ്ച് മാറ്റങ്ങള്‍ വരുത്തിയ റയല്‍ പ്രതിരോധ കോട്ട തീര്‍ത്ത് ബാഴ്‌സയെ തളച്ചു.

71ാം മിനുട്ടില്‍ ബാഴ്‌സയുടെ റൊണാള്‍ഡ് അറൗജോക്ക് ചുവപ്പ് കാര്‍ഡും ലഭിച്ചതോടെ 10 പേരായി ബാഴ്‌സലോണ ഒതുങ്ങി. രണ്ടാം പകുതിയിലും 56 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ ബാഴ്‌സക്കായെങ്കിലും 2നെതിരേ 10 ഗോള്‍ശ്രമത്തോടെ റയല്‍ മാഡ്രിഡ് ആക്രമണത്തില്‍ മികച്ചുനിന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 4-1ന്റെ വമ്പന്‍ ജയത്തോടെ റയല്‍ മാഡ്രിഡ് സ്പാനിഷ് കപ്പില്‍ മുത്തമിട്ടു. റയല്‍ മാഡ്രിഡിന്റെ 13ാം സൂപ്പര്‍ കപ്പ് കിരീടമാണിത്.

Leave a Reply

Your email address will not be published. Required fields are marked *