കുറ്റ്യാടി സ്കൂളിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ; തടഞ്ഞ് സിപിഎം പ്രവർത്തകർ
കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂർ എൽ.പി സ്കൂളിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ. സ്കൂൾ മാനേജരുടെ മകന്റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവർത്തകർ രാത്രി പൂജ നടത്തിയത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സ്കൂളിന് സമീപം കാറുകളടക്കമുള്ള വാഹനങ്ങൾ കണ്ട് നാട്ടുകാർ അകത്ത് കയറിയപ്പോഴാണ് പൂജ നടക്കുന്ന വിവരം പുറത്തുവന്നത്. തുടർന്ന് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ പൂജ തടഞ്ഞു. ഇതോടെ കയ്യാങ്കളിയിലേക്ക് നീങ്ങി. പ്രതിഷേധത്തെത്തുടർന്ന് പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എയ്ഡഡ് സ്കൂൾ മാനേജരും ബിജെപി പ്രവർത്തകനാണ്.
അതേസമയം, സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. സംഭവം വിവാദമായതോടെ പ്രധാനധ്യാപികയോട് ഡിഡിഇ റിപ്പോർട്ട് തേടി.