പ്രവാസികൾക്ക് ആശ്വാസമായി സൗദി എയർലൈൻസ് കോഴിക്കോട് സർവ്വീസ് ഒക്ടോബർ മുതൽ
കരിപ്പൂർ: പ്രവാസികൾക്കും മലബാറിനും ആശ്വാസമായി സഊദി എയർലൈൻസ് സർവ്വീസ് കോഴിക്കോട്ടേക്ക് മടങ്ങിയെത്തുന്നു. ഈ വരുന്ന ഒക്ടോബർ 27ന് സർവീസ് പുനരാരംഭിക്കാനാണ് നീക്കം. ആഴ്ചയിൽ ഏഴു സർവീസുക ളാണുണ്ടാകുക. കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ടറിലാണിത്.
ജിദ്ദയിലേക്ക് ആഴ്ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും. നവംബർ
അവസാനത്തോടെ സർവീസുകൾ പതിനൊന്നായി ഉയർത്താനും പദ്ധതിയുണ്ട്. കോഡ്. ഇ.വിഭാഗത്തിൽപ്പെടുന്ന വലിയ വിമാനമാണ് സർവീസുകൾക്ക് ഉപയോഗിക്കുക. 36 ബിസിനസ് ക്ലാസ് സീറ്റുകളും 298 ഇക്കണോമി
സീറ്റുകളുമാണുണ്ടാകുക. നിലവിൽ ബെംഗളൂരു, ചെന്നൈ, കൊച്ചി, മുംബൈ, തിരുവനന്തപുരം, ഡൽഹി, ഹൈദരാബാദ്, ലഖ്നൗ വിമാനത്താവളങ്ങളിലേക്ക് സൗദി എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്. 2015ൽ റൺവേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങൾക്ക്
നിയന്ത്രണം ഏർപ്പെടുത്തിയതാണ് സൗദി എയർ കരിപ്പൂർ വിടാൻ കാരണമായത്. തുടർന്ന് 2020ലെ വിമാനാപകടമുണ്ടായതോടെ വലിയ വിമാനങ്ങൾക്ക് പൂർണ്ണമായും വിലക്കേർപ്പെടുത്തി. അപകടം അന്വേഷിച്ച കമ്മിഷൻ മുന്നോട്ടുവെച്ച എല്ലാ സൗകര്യങ്ങളും കരിപ്പൂരിൽ ഏർപ്പെടുത്തിയെങ്കിലും വലിയ വിമാനങ്ങൾക്ക് വിലക്ക്
തുടരുകയായിരുന്നു. സൗദി എയർലൈൻസ്
മടങ്ങിയെത്തുന്നതോടെ ഇതേ കാരണത്താൽ കോഴിക്കോട് വിട്ട എമിറേറ്റ്സ് എയർ, ഒമാൻ എയർ എന്നിവയ്ക്കും മടങ്ങിയെത്താനുള്ള വഴിതെളിയും. ഇതോടെ കൂടുതൽ കമ്പനികൾ കോഴിക്കോട്ടേക്ക് സർവീസ് തുടങ്ങാനും തീരുമാനം ഉണ്ടാവും.
മലബാറിലെ പ്രവാസികളടക്കമുള്ള യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഏറെ ആശ്വാസമാകും ഈ വലിയ വിമാനങ്ങളുടെ തിരിച്ചു വരവ്. മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും മലബാർ ഡെവലപ്മെന്റ് ഫോറം ( എം.ഡി. എഫ്) അടക്കമുള്ള സംഘടനകളും നിരന്തര പ്രക്ഷോഭങ്ങൾക്ക് നടത്തിയിരുന്നു. കരിപ്പൂരിലേക്ക് വീണ്ടും സർവ്വീസ് പുനരാരംഭിക്കാനുള്ള സൗദി എയർലൈൻസ് തീരുമാനത്തെയും അനുമതി നൽകിയ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെയും മലബാർ ഡെവലപ്മെന്റ് ഫോറം സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ അഭിനന്ദിച്ചു.