സംഘപരിവാർ വാദമുയർത്തി കെ.ടി ജലീൽ; കരിപ്പൂരിൽ സ്വർണ്ണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ 99%വും മുസ്ലിം പേരുള്ളവരെന്ന് ഫേസ്ബുക്ക് കുറിപ്പ്
കോഴിക്കോട്: സംഘപരിവാർ വാദമുയർത്തി എൽഡിഎഫ് എംഎൽഎയായ കെ.ടി ജലീൽ. കരിപ്പൂരിൽ സ്വർണ്ണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ 99% വും മുസ്ലിം പേരുള്ളവരാണെന്നായിരുന്നു കെ.ടി ജലീലിന്റെ പരാമർശം. ഫേസ്ബുക്കിലാണ് ജലീൽ ആർഎസ്എസ് വാദം ഉയർത്തിയത്. സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി പുറപ്പെടുവിക്കണമെന്നും ജലീൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
‘‘കരിപ്പൂരിൽ നിന്ന് സ്വർണ്ണം കടത്തിൽ പിടിക്കപ്പെടുന്നവരിൽ 99% വും മുസ്ലിം പേരുള്ളവരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്.ഹവാല ഇസ്ലാമിക വിരുദ്ധമല്ല എന്നാണ്. അത് തിരുത്തപ്പെടണം. വിശ്വാസികൾക്ക് മതനിയമങ്ങൾ പാലിക്കാനാണ് കൂടുതൽ താൽപര്യം എന്നാണല്ലോ വെപ്പ്. എന്താ അതിനിത്ര മടി?’’ എന്നായിരുന്നു ജലീൽ ഫേസ്ബുക്കിലെഴുതിയത്.
സംഘപരിവാർ വാദമുയർത്തിയ ജലീലിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തി. പിണറായി വിജയനെ പ്രീണിപ്പെടുത്താനുള്ള വ്യഗ്രതയിൽ സംഘ പരിവാർ വാദങ്ങളുമായി ജലീലും ഇറങ്ങിയിരിക്കുകയാണോ എന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം ചോദിച്ചു. എൽഡിഎഫ് എംഎൽഎയായ കെ.ടി.ജലീൽ പറയുന്നത് അസംബന്ധമാണെന്നും ബൽറാം പറഞ്ഞു. സ്വർണ്ണക്കടത്ത് എന്ന ക്രിമിനൽ പ്രവൃത്തിയെ മുസ്ലിംകളുമായി മാത്രം ചേർത്തുവെക്കുന്ന ജലീലിന്റെ വാദം ആരെ സഹായിക്കാനാണ്. സ്വർണ്ണക്കടത്തുമായി പിടിയിലാവുന്ന പ്രതികളിൽ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, സിപിഎം, കോൺഗ്രസ്, ലീഗ്, ബിജെപി, എസ്ഡിപിഐ, സ്ത്രീ, പുരുഷൻ, വ്യത്യാസമില്ലാതെ പലരുടേയും പേരുകൾ പത്രങ്ങളിൽ നമ്മൾ കാണാറുണ്ട്. ഇത്തരം പ്രതികളുടെ മതമോ സമുദായമോ രാഷ്ട്രീയമോ പ്രദേശമോ തിരിച്ചുള്ള കൃത്യമായ കണക്കൊന്നും പൊലീസോ മറ്റ് അധികാരികളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിന്നെന്തിനാണ് ഇക്കാര്യത്തിൽ ഒരുകൂട്ടർ മാത്രമായി മതവിധി പ്രഖ്യാപിക്കുന്നതെന്നും ബൽറാം ചോദിച്ചു. സ്വർണ്ണക്കടത്തിന്റെ ഗുണഭോക്താക്കളായി കരുതപ്പെടുന്ന വിവിധ ജ്വല്ലറി ഗ്രൂപ്പുകളുടെ കൂട്ടത്തിലും എല്ലാ മതവിഭാഗക്കാരുമുണ്ട്.
ഭരണഘടനാപരമായ മതേതര ജനാധിപത്യ ഭരണവും അന്വേഷണ ഏജൻസികളും നീതിന്യായക്കോടതികളുമൊക്കെ നിലനിൽക്കുന്ന ഒരു രാജ്യത്ത് ക്രിമിനൽ കുറ്റങ്ങൾക്കെതിരെ ഉയരേണ്ടത് മതവിധികളാണോ എന്നും ബൽറാം ചോദിച്ചു. മുസ്ലിംകൾ ജനാധിപത്യ വ്യവസ്ഥിതിയിലെ സംവിധാനങ്ങളേക്കാളും മതവിധികൾക്കാണ് പ്രാധാന്യം നൽകുക എന്ന നറേറ്റീവും ഇങ്ങനെയൊരു സാഹചര്യത്തിൽ സംഘപരിവാർ പ്രൊപ്പഗാണ്ടയുടെ ഭാഗമാണ്. അതിനെയാണ് ജലീലിപ്പോൾ ശക്തിപ്പെടുത്തുന്നത്. സ്വർണ്ണക്കടത്ത് എന്ന നിയമവിരുദ്ധ ഇടപാട് തടയേണ്ടത് ഏതെങ്കിലും മതനേതാവോ രാഷ്ട്രീയ പാർട്ടി നേതാവോ അല്ല, സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ആണ്. ക്രൈം തടയേണ്ടത് സാരോപദേശം കൊണ്ടല്ല, ശക്തമായ ലോ എൻഫോഴ്സ്മെന്റ് വഴിയാണ്. അതിൽ ദയനീയമായി പരാജയപ്പെടുകയാണ് പിണറായി വിജയന്റെ പൊലീസ്. റോഡിൽ വച്ച് ചില പ്രതികളെ വളഞ്ഞിട്ട് പിടിച്ച് അവരുടെ കയ്യിലെ സ്വർണ്ണം അടിച്ചുമാറ്റുന്നതല്ലാതെ ഈ സ്വർണ്ണം ആരാണ് അയച്ചത്, ആർക്ക് വേണ്ടിയാണ് അയച്ചത് എന്ന് ഒരൊറ്റ കേസിൽ പോലും തെളിയിക്കാൻ കേരള പൊലീസിന് കഴിയാത്തത് കൊണ്ടാണ് ഈ കള്ളക്കടത്ത് ആവർത്തിച്ചു കൊണ്ടിരിക്കുന്നതെന്നും ബൽറാം ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ പറഞ്ഞു.
ആർഎസ്എസുമായി ബാന്ധവത്തിലായിക്കഴിഞ്ഞ പിണറായി വിജയനെ തൃപ്തിപ്പെടുത്താൻ വേണ്ടി ആർഎസ്എസിൻ്റെ വാദങ്ങൾ പ്രചരിപ്പിക്കുകയാണ് കെ ടി ജലീൽ ചെയ്യുന്നതെന്ന് എസ്ഐഒ കേന്ദ്രകൂടിയാലോചന സമിതയംഗം വാഹിദ് ചുള്ളിപ്പാറ പറഞ്ഞു. സ്വർണക്കടത്ത് മുസ്ലിംകളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് എന്ന് വരുത്തിത്തീർക്കുകയാണ് ജലീൽ ചെയ്യുന്നത്. അങ്ങനെ സ്ഥാപിക്കാൻ കഴിയുന്ന വസ്തുതാപരമായ ഒന്നും ഇല്ലാതിരുന്നിട്ടും സംഘപരിവാർ പറഞ്ഞു പരത്തുന്ന ഒരു വംശീയ നറേറ്റീവിനോട് മുസ്ലിം സമുദായത്തെ ആൻസറബ്ൾ ആക്കുകയാണ് ജലീൽ ചെയ്യുന്നത്. സ്വർണ്ണം കടത്തുന്നത് മുസ്ലിംകളുടെ അജണ്ടയാണെന്ന് സംഘപരിവാർ നേതാക്കൾ മുതൽ അവരുടെ ട്രോൾ പേജുകൾ വരെ കാലങ്ങളായി നുണ പറയുകയും അതിനെ സ്ഥാപിക്കുന്ന രീതിയിൽ മുഖ്യമന്ത്രിയുടെ അഭിമുഖം ദ ഹിന്ദുവിൽ വരുകയും ചെയ്തതിനുശേഷമാണ് ജലീൽ അതേ വാദത്തെ സ്ഥാപിക്കുന്ന രീതിയിൽ പ്രസ്താവന നടത്തുന്നത്. മുസ്ലിംകൾ ഈ രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്നവരല്ല മറിച്ച് മതപരമായ ഫത്വകൾക്ക് മാത്രം വിധേയപ്പെടുന്നവരാണെന്നും അതിനാൽ അവർ പൊട്ടൻഷ്യലി രാജ്യദ്രോഹികൾ ആണെന്നും പറഞ്ഞുകൊണ്ടിരിക്കുന്ന സംഘപരിവാർ വാദത്തെയാണ് ജലീൽ ബോധപൂർവ്വം സഹായിക്കുന്നതന്നെും വാഹിദ് ചുള്ളിപ്പാറ ഫേസ്ബുക്കിലെഴുതി കുറിപ്പിൽ പറഞ്ഞു.