മാർത്താണ്ഡവർമ പാലം അറ്റകുറ്റ പണി ആരംഭിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

ആലുവ: ദേശീയപാതയിലെ മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റ പണികൾ ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പ്രവൃത്തികൾ തുടങ്ങിയത്. ഇതിന്റെ ഭാഗമായി ദേശീയപാതയിലും ആലുവയിലെ സമീപ റോഡുകളിലും ഗതാഗത നിയന്ത്രണം ആരംഭിച്ചു.
ഡിവൈ.എസ്.പി ബൈജു പൗലോസ്, സി.ഐ ഷമീർ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം പൊലീസുകാരാണ് ഇതിനായി ഡ്യൂട്ടിയിലുള്ളത്. പ്രവൃത്തിക്കായി നവംബർ ആറുവരെ 10 ദിവസമാണ് പാലം പൂർണമായും അടച്ചിടുന്നത്. ഈ ദിവസങ്ങളിലെല്ലാം ആലുവ മേഖലയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പാലം അടച്ചതോടെ ദേശീയ പാതയിലും സമീപ റോഡുകളിലും ഗതാഗത കുരുക്ക് രൂക്ഷമായി. കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ദീർഘ ദൂര യാത്രക്കാരടക്കം മണിക്കൂറുകളോളം റോഡിൽ കുടുങ്ങി.
തൃശൂർ ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന ഗ്യാസ്-പെട്രോളിയം ടാങ്കർ, കണ്ടെയ്നർ, ടോറസ് ഉൾപ്പെടെയുള്ള എല്ലാ വലിയ ഭാര വാഹനങ്ങളും ഇരിങ്ങാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂർ, പറവൂർ, ചേരാനല്ലൂർ സിഗ്നൽ റോഡ് വഴി തിരിച്ച് വിടുകയാണ്. തൃശൂർ ഭാഗത്തു നിന്നും ആലുവ ഭാഗത്തേക്ക് വരുന്ന എല്ലാ വലിയ ഭാര വാഹനങ്ങളും അങ്കമാലിയിൽ നിന്നും കാലടി-പെരുമ്പാവൂർ റോഡ് വഴിയാണ് തിരിച്ചുവിടുന്നത്. എറണാകുളം, വൈറ്റില ഭാഗത്തുനിന്നു വരുന്ന വലിയ ഭാര വാഹനങ്ങൾ ഇടപ്പിള്ളിയിൽ നിന്നും ചേരാനല്ലൂർ സിഗ്നൽ വഴി പറവൂർ- കൊടുങ്ങല്ലൂർ റോഡ് വഴിയും തിരിച്ചു വിടുന്നു.
കാക്കനാട് ഭാഗത്തു നിന്നും വരുന്ന എല്ലാ വലിയ ഭാര വാഹനങ്ങളും കളമശ്ശേരി കണ്ടെയ്നർ റോഡ് വഴി പറവൂർ-കൊടുങ്ങല്ലൂർ റോഡ് വഴിയാണ് വിടുന്നത്. കളമശ്ശേരി, അങ്കമാലി ഭാഗത്തു നിന്നും ഭാര വാഹനങ്ങൾ ആലുവ ഭാഗത്തേക്ക് കടത്തിവിടുന്നില്ല. വരാപ്പുഴ-കടുങ്ങല്ലുർ ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടുങ്ങല്ലുർ ജങ്ഷനിൽ യു.സി കോളജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ വന്ന് ആലുവ ഭാഗത്തേക്ക് വിടുകയാണ്. ആലുവയിൽ നിന്നും വരാപ്പുഴ – കടുങ്ങല്ലൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ തോട്ടക്കാട്ടുകര ജങ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് കടുങ്ങല്ലൂർ റോഡ് വഴിയാണ് യാത്ര തുടരുന്നത്.
