തങ്കഅങ്കി ഘോഷയാത്ര ഇന്ന് പുറപ്പെടും



പത്തനംതിട്ട: മണ്ഡലപൂജക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തങ്കഅങ്കി രഥഘോഷയാത്ര ചൊവ്വാഴ്ച രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെടും. 26ന് വൈകീട്ട് ദീപാരാധനക്കുമുമ്പ് ശബരിമല സന്നിധാനത്ത് എത്തും. തുടർന്ന് തങ്കഅങ്കി ചാര്‍ത്തി 6.30ന് ദീപാരാധന. തിരുവിതാംകൂർ മഹാരാജാവ്‌ ചിത്തിര തിരുനാൾ ബാലരാമവർമ 1973ൽ ശബരിമലയിൽ സമർപ്പിച്ചതാണ് 420 പവൻ തൂക്കമുള്ള തങ്കഅങ്കി.

ദേവസ്വം ബോർഡിന്റെ ആറന്മുള സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്ന തങ്കഅങ്കി കഴിഞ്ഞദിവസം പുറത്തെടുത്ത് ഘോഷയാത്രക്കായി ആറന്മുള അസി. കമീഷണർ ശ്രീലേഖക്ക് കൈമാറി. ഈ വര്‍ഷത്തെ മണ്ഡലപൂജ ശനിയാഴ്ച രാവിലെ 10.10നും 11.30നും ഇടയിലായിരിക്കുമെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. പൂജയോടനുബന്ധിച്ചുള്ള ദീപാരാധന 11.30ന് പൂര്‍ത്തിയാകും.