കാസർകോട് ലീഗ് അംഗത്തിന് വോട്ട് ചെയ്യാനായില്ല; വൈകിയതിനാൽ കലക്ടർ ഹാളിൽ പ്രവേശിപ്പിച്ചില്ല



കാസർകോട്: ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് അംഗം ഹാജരാവാത്തതിനാൽ വോട്ട് ചെയ്യാനായില്ല. ലീഗ് അംഗം ഇർഫാന ഇഖ്ബാലിനാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നത്. മഞ്ചേശ്വരം ഡിവിഷനിൽ നിന്നാണ് ഇർഫാന തെരഞ്ഞെടുക്കപ്പെട്ടത്.

10.30ന് സമയം നിശ്ചയിച്ച പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നാലു മിനിട്ട് വൈകിയാണ് ഇർഫാന ജില്ല പഞ്ചായത്ത് ഓഫിസിൽ എത്തിയത്. ഇതേതുടർന്ന് ജില്ല കലക്ടർ തെരഞ്ഞെടുപ്പ് നടന്ന ഹാളിലേക്ക് പ്രവേശനം നിഷേധിച്ചു. വോട്ടവകാശം നിഷേധിച്ച ജില്ല കലക്ടറുടെ നടപടിക്കെതിരെ യു.ഡി.എഫ് പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിൽ സാബു എബ്രഹാം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

അതേസമയം, ഉദുമ ഗ്രാമപഞ്ചായത്തിൽ യുഡി.എഫ് പ്രസിഡന്‍റ് സ്ഥാനാർഥിയുടെ വോട്ട് അസാധുവായി. സ്ഥാനാർഥിയായി മത്സരിച്ച ചന്ദ്രൻ നാലാംവാതുക്കൽ ബാലറ്റിൽ ഒപ്പിടാൻ മറന്നതാണ് വോട്ട് ആസാധുവാക്കാൻ കാരണം. എൽ.ഡി.എഫിലെ ടി.വി. രാജേന്ദ്രൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.