സെഞ്ച്വറി നേടി ഹെഡ് പുറത്ത്, അർധ ശതകം പിന്നിട്ട് സ്മിത്ത്; ഇംഗ്ലണ്ടിനെതിരെ ഓസീസ് ലീഡിലേക്ക്

സിഡ്നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയ ശക്തമായ നിലയിൽ. സെഞ്ച്വറി നേടിയ ഓപണർ ട്രാവിസ് ഹെഡ് (163) പുറത്തായെങ്കിലും ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറിനരികെയാണ് ഓസീസ്. 86 ഓവർ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് എന്ന നിലയിലാണ് ആതിഥേയർ. അർധ സെഞ്ച്വറി പിന്നിട്ട ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന് (51*) കൂട്ടായി അലക്സ് ക്യാരിയാണ് (15*) ക്രീസിലുള്ളത്. ഒന്നാം ഇന്നിങ്സ് ലീഡിനായി 29 റൺസ് കൂടി വേണം. 384 റൺസാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ നേടിയത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിനായി, ട്രാവിസ് ഹെഡ് ആദ്യ സെഷനിൽ തന്നെ സെഞ്ച്വറി പൂർത്തിയാക്കി. 105 പന്തിലാണ് ഓസീസ് ഓപണർ മൂന്നക്കം കടന്നത്. ഉച്ചഭക്ഷണത്തിനു പിരിയും മുമ്പ് മൈക്കൽ നെസർ (24) വീണെങ്കിലും ഹെഡ് ഇതിനോടകം നിലയുറപ്പിച്ച് കളിച്ച് 150 പിന്നിട്ടിരുന്നു. ക്ഷമയോടെ കളിച്ച താരം 24 ഫോറും ഒരു സിക്സും ഉൾപ്പെടെ 163 റൺസ് നേടിയാണ് പുറത്തായത്. അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഉസ്മാൻ ഖ്വാജ (17) നിരാശപ്പെടുത്തി. ജേക്ക് വെതർലാൻഡ് (21), മാർനസ് ലബൂഷെയ്ൻ (48) എന്നിവരുടെ വിക്കറ്റ് നേരത്തെ നഷ്ടമായിരുന്നു.
റൂട്ടിന് 41-ാം ശതകം, ഇംഗ്ലണ്ട് 384ന് പുറത്ത്
കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 384ന് പുറത്തായിരുന്നു. സെഞ്ച്വറി നേടിയ ജോറൂട്ടാണ് (160) സന്ദർശകർക്ക് മികച്ച സ്കോർ സമ്മാനിച്ചതിൽ നിർണായക പ്രകടനം പുറത്തെടുത്തത്. ഹാരി ബ്രൂക്ക് (84) അർധ സെഞ്ച്വറി നേടി. ആസ്ട്രേലിയക്കായി മൈക്കൽ നെസർ നാല് വിക്കറ്റ് വീഴ്ത്തി.
മൂന്നിന് 213 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഡ്രിങ്ക്സ് ബ്രേക്കിനു മുമ്പ് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. ഹാരി ബ്രൂക്ക് 84 റൺസ് നേടി പുറത്തായപ്പോൾ, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (0) വീണ്ടും നിരാശപ്പെടുത്തി. ഇതിനിടെ റൂട്ട് തന്‍റെ ടെസ്റ്റ് കരിയറിലെ 41-ാം സെഞ്ച്വറി സ്വന്തമാക്കി. സെഞ്ച്വറികളുടെ എണ്ണത്തിൽ ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനൊപ്പമെത്താൻ റൂട്ടിനായി. പ്രോട്ടീസിന്‍റെ ജാക്ക് കലിസ് (45), ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ (51) എന്നിവർ മാത്രമാണ് ഇക്കാര്യത്തിൽ റൂട്ടിന് മുന്നിലുള്ളത്.
ടെസ്റ്റിലെ റൺവേട്ടക്കാരിൽ സച്ചിന് പിന്നിൽ രണ്ടാമതാണ് റൂട്ടിപ്പോൾ. 297 ഇന്നിങ്സിൽ 13921 റൺസാണ് ഇംഗ്ലിഷ് താരത്തിന്‍റെ സമ്പാദ്യം. സച്ചിനാകട്ടെ 329 ഇന്നിങ്സിൽ 15921 റൺസാണ് നേടിയിട്ടുള്ളത്. കേവലം 2000 രൺസിന്‍റെ മാത്രം വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. മത്സരത്തിൽ 242 പന്തുകൾ നേരിട്ട റൂട്ട്, 15 ഫോറുകളുടെ അകമ്പടിയോടെ 160 റൺസ് നേടിയാണ് പുറത്തായത്. ജേമി സ്മിത്ത് (46), വിൽ ജാക്സ് (27) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബ്രൈഡൻ കാഴ്സ് (1), മാത്യു പോട്ട്സ് (1*), ജോഷ് ടങ് (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.
