എം.എസ്. ധോണിയെ മറികടന്ന് ശ്രേയസ് അയ്യർ; ട്വന്റി-20യിൽ അപൂർവ്വ ടോസ് റെക്കോർഡ്

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 മത്സരത്തിൽ ചരിത്രനേട്ടങ്ങളുമായി ഇന്ത്യൻ ടീം. മത്സരത്തിൽ അർധ സെഞ്ചുറി നേടിയ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയപ്പോൾ, ഇന്ത്യൻ ടീം നായകൻ ശ്രേയസ് അയ്യരും അപൂർവ്വ റെക്കോർഡിന് ഉടമയായി.

ട്വന്റി-20 ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ എട്ട് മത്സരങ്ങളിലും ടോസ് വിജയിക്കുന്ന ആദ്യ ഇന്ത‍്യൻ താരമെന്ന നേട്ടമാണ് ശ്രേയസ് സ്വന്തമാക്കിയത്. ഏഴ് മത്സരങ്ങളിൽ തുടർച്ചയായി ടോസ് നേടിയ എം.എസ്. ധോണി, ബഹാമാസിന്റെ ഗ്രിഗറി ടെയ്‌ലർ എന്നിവരുടെ റെക്കോർഡാണ് ശ്രേയസ് മറികടന്നത്. 2010 മെയ് മുതൽ 2012 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ധോണി തുടർച്ചയായി ഏഴ് ടോസുകൾ നേടിയത്.

ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസിന്റെ കീഴിൽ ഇന്ത്യ നേടുന്ന ആദ്യ വിജയം കൂടിയായിരുന്നു ഇത്. അയർലൻഡിനോട് 2-0നും ഇംഗ്ലണ്ടിനോട് 4-0നും പരമ്പര നഷ്ടപ്പെട്ടതിന് ശേഷമാണ് ശ്രേയസിന്റെ നായകത്വത്തിൽ ഇന്ത്യ ആദ്യ ജയം കുറിക്കുന്നത്. ജയത്തിന് ശേഷം ടീമിന്റെ പ്രകടനത്തെയും പ്രത്യേകിച്ച് വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്ങിനെയും മായങ്ക് യാദവിന്റെ ബൗളിങ്ങിനെയും ശ്രേയസ് പ്രശംസിച്ചു.

ക്യാപ്റ്റനെന്ന നിലയിൽ ടീം കൈവരിച്ച നേട്ടം ഏറെ സവിശേഷമാണെന്ന് ശ്രേയസ് അയ്യർ പറഞ്ഞു. പിച്ചിലെ ബൗൺസ് കൃത്യമായി മുതലെടുത്ത് പന്തെറിയാൻ മായങ്ക് യാദവിന് കഴിഞ്ഞു. സിംബാബ്‌വെ ബാറ്റർമാർ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ശ്രമിച്ചപ്പോൾ ബൗളർമാരെ മാറിമാറി പരീക്ഷിച്ചാണ് ഇന്ത്യ പ്രതിരോധം തീർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സിംബാബ്‌വെയുടെ പ്രമുഖ ബാറ്റർമാരായ ബ്രയാൻ ബെന്നറ്റ്, ഡയോൺ മയേഴ്സ് എന്നിവരുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തിയ മായങ്ക് യാദവാണ് മത്സരത്തിൽ മകിച്ച പ്രകനമാണ് കാഴ്ചവച്ചത്.