മ​ല​യാ​ളം ആ​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​കയില്ല, ഭാഷാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ല; സിദ്ധരാമയ്യക്ക് മറുപടിയുമായി പിണറായി വിജയൻ



തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള ഭാ​ഷ ബി​ല്ലി​നോ​ടു​ള്ള എ​തി​ര്‍​പ്പ് വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ബി​ല്ല് ഭാ​ഷാ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​യാ​ള ഭാ​ഷ ബി​ല്ലിനെ എ​തി​ര്‍​ത്ത ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് മ​റു​പ​ടി​യായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മ​ല​യാ​ളം ആ​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നി​ല്ലെ​ന്നും ഭാ​ഷാ സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ക​ന്ന​ട, ത​മി​ഴ് ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്ക് ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് മാ​തൃ​ഭാ​ഷ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ഒ​രു ഭാ​ഗ​ത്തി​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ കേ​ര​ളം ചെ​യ്യി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും ജോ​ലി ചെ​യ്യാ​ൻ പ​റ്റു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്നു​മാ​ണ് ഭാ​ഷാ ബി​ല്ലി​ൽ ധ​ന​മ​ന്ത്രി കെ​.എ​ൻ. ബാ​ല​ഗോ​പാ​ലും പ്ര​തി​ക​രി​ച്ച​ത്.

‘മ​ല​യാ​ള ഭാ​ഷാ ബി​ൽ 2025’ എ​ന്ന പേ​രി​ൽ സ്കൂ​ൾ ത​ലം മു​ത​ൽ ഭ​ര​ണ​ഭാ​ഷ വ​രെ മ​ല​യാ​ള​ത്തി​ലാ​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ബി​ല്ലി​നെ ചൊ​ല്ലി​യാ​ണ് കേ​ര​ള​വും ക​ർ​ണാ​ട​ക​വും ത​മ്മി​ല്‍ ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​ൽ കാ​സ​ർ​ക്കോട്ടെ ഭാ​ഷാ ന്യൂ​ന​പ​ക്ഷ മേ​ഖ​ല​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നാ​ണ് ക​ർ​ണാ​ട​ക​ത്തി​ന്‍റെ വാ​ദം. ഇ​ന്ന​ലെ ട്വീ​റ്റി​ലൂ​ടെ കേ​ര​ള​ത്തെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പി​ന്നാ​ലെ കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നാ​വ​കാ​ശ​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്തു​ന്ന ഇ​ത്ത​ര​മൊ​രു നീ​ക്കം കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​റി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ച്ച​ത​ല്ല. പ്ര​ത്യേ​കി​ച്ച് കാ​സ​ർ​കോ​ട് ഉ​ൾ​പ്പെ​ടെ കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി ജി​ല്ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന ക​ന്ന​ടി​ഗ​ർ​ക്ക് അ​വ​രു​ടെ മാ​തൃ​ഭാ​ഷ പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഇ​തോ​ടെ ന​ഷ്ട​പ്പെ​ടുമെന്നും സിദ്ധരാമയ്യ ആശങ്ക ഉന്നയിച്ചു.