ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ; മെസ്സിക്കു പിന്നാലെ ആറ് ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ താരം

ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന പോർചുഗലിന്‍റെ പ്ലെയിങ് ഇലവനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിക്കു പിന്നാലെ ആറ് ലോകകപ്പ് കളിക്കുന്ന താരമെന്ന നേട്ടം ക്രിസ്റ്റ്യാനോയും സ്വന്തമാക്കി.

ഹൂസ്റ്റണിലെ എൻ.ആർ.ജി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയാണ് എതിരാളികൾ. 41-ാം വയസ്സിലും യൂറോപ്യൻ വമ്പന്മാരുടെ ആക്രമണനിരയെ മുന്നിൽനിന്ന് നയിക്കാൻ ക്രിസ്റ്റ്യാനോയെ തന്നെയാണ് പരിശീലകൻ റോബർട്ടോ മാർട്ടിനസ് തെരഞ്ഞെടുത്തത്. 4-2-3-1 എന്ന ശൈലിയിലാണ് ടീം കളിക്കുന്നത്. 1974നുശേഷം ആദ്യമായാണ് കോംഗോ ലോകകപ്പ് കളിക്കാനെത്തുന്നത്. അന്താരാഷ്ട്ര ഫുട്ബാളിൽ 227 മത്സരങ്ങളിൽ നിന്ന് 143 ഗോളുകളെന്ന റെക്കോർഡ് നേട്ടവുമായി നിൽക്കുന്ന റൊണാൾഡോയുടെ സാന്നിധ്യം കോംഗോ പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയാകും. യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ മിന്നും താരങ്ങളുമായാണ് പോർച്ചുഗൽ ഇത്തവണ എത്തിയിരിക്കുന്നത്.

സൂപ്പർ താരങ്ങളായ പെഡ്രോ നെറ്റോ, ബ്രൂണോ ഫെർണാണ്ടസ്, വിറ്റിഞ്ഞ, ജോവാ നെവസ്, ന്യൂനോ മെൻഡിസ് എന്നിവരെല്ലാം ആദ്യ ഇലവനിലുണ്ട്. യോഗ്യതാ റൗണ്ടിൽ വമ്പന്മാരായ നൈജീരിയയെ അട്ടിമറിച്ചും ഇന്റർ കോണ്ടിനന്റൽ പ്ലേ ഓഫ് കടന്നുമാണ് സെബാസ്റ്റ്യൻ ദെസാബ്രെയുടെ ശിക്ഷണത്തിൽ കോംഗോ ലോകകപ്പിന് യോഗ്യത നേടിയത്. കൊളംബിയയും ഉസ്ബെക്കിസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ് ആഫ്രിക്കൻ കരുത്തർ. യോവാൻ വിസ്സ, ആരോൺ വാൻ-ബിസാക്ക, ചാൻസൽ എംബെംബ എന്നിവരടങ്ങുന്ന സംഘം പോർച്ചുഗലിന് അപ്രതീക്ഷിത പ്രതിരോധം തീർക്കാൻ കെൽപ്പുള്ളവരാണ്. ഇരുരാജ്യങ്ങളും അന്താരാഷ്ട്ര ഫുട്ബോളിൽ ആദ്യമായാണ് നേർക്കുനേർ വരുന്നത്.