തൊണ്ടിമുതൽ കേസ്: ആന്‍റണി രാജുവിന്‍റെ ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു



തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന്‍റെ ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു. ആന്‍റണി രാജു നൽകിയ അപ്പീലിൽ തിരുവനന്തപുരം സെഷൻസ് കോടതിയുടെയാണ് നടപടി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയാണ് മരവിപ്പിച്ചത്.

അതേസമയം, ആന്‍റണി രാജു കുറ്റക്കാരനെന്ന വിധി നിലനിൽക്കും. അയോഗ്യനാക്കിയ നടപടി തുടരും. മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റണി രാജു നൽകിയ അപ്പീലും തിരുവനന്തപുരം സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു.

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്‍റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെയാണ് എം.എൽ.എ സ്ഥാനത്തുനിന്ന് ആന്‍റണി രാജു അയോഗ്യനായത്. കോടതിവിധി റദ്ദാക്കിയാൽ ആന്‍റണി രാജുവിന് എംഎൽഎയായി തിരികെയെത്താനാകും. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും തടസമുണ്ടാകില്ല.

കേസില്‍ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.

1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ആസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈകോടതി വിട്ടയച്ചു. സാല്‍വദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വെച്ചെന്നാണു കേസ്.