സംവരണ അട്ടിമറി: ‘കേരള’യിൽ 46 റാങ്ക് പട്ടികകൾ മരവിപ്പിച്ചു; നടപടി ‘മാധ്യമം’ വാർത്തയെ തുടർന്ന്

തിരുവനന്തപുരം: കേരള സർവകലാശാലയിൽ കരാർ അധ്യാപക നിയമനത്തിന് സംവരണ തത്വങ്ങൾ അട്ടിമറിച്ച് തയാറാക്കിയ 46 അധ്യാപക റാങ്ക് പട്ടികകൾ മരവിപ്പിച്ചു. ഇതുസംബന്ധിച്ച ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി. സംവരണ തത്വം മറികടന്നുള്ള നിയമന നീക്കത്തിനെതിരായ ഹരജിയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നിലനിൽക്കെയായിരുന്നു സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ സിൻഡിക്കേറ്റിലെ മുസ്ലിം ലീഗ് പ്രതിനിധി ഡോ. വി. നൗഷാദ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനും സർവകലാശാല രജിസ്ട്രാർക്കും കത്ത് നൽകിയിരുന്നു.
ബുധനാഴ്ച നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ സംവരണതത്വം അട്ടിമറിച്ച് റാങ്ക് പട്ടികകൾ തയാറാക്കിയതും ഇതുസംബന്ധിച്ച കോടതി സ്റ്റേ നിലനിൽക്കുന്നതും ഡോ. എസ്. നസീബ് ഉന്നയിച്ചു. നടപടി കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി. ഇതോടെ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചതിൽ പിഴവ് സംഭവിച്ചെന്നും പട്ടിക മരവിപ്പിക്കുന്നുവെന്നും വി.സി ഡോ. മോഹനൻ കുന്നുമ്മൽ യോഗത്തിൽ അറിയിച്ചു.
സർവകലാശാലയിലെ സമാന തസ്തികകൾ ഒന്നിച്ചെടുത്ത് സംവരണ ക്രമം തയാറാക്കണമെന്ന സർവകലാശാല നിയമവും യു.ജി.സി റഗുലേഷനും അട്ടിമറിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്. സർവകലാശാലയുടെ നിയമവിരുദ്ധ നടപടി ‘മാധ്യമം’ വാർത്തയിലൂടെയാണ് പുറത്തുവന്നതും പിന്നാലെ മരവിപ്പിക്കാൻ തീരുമാനിച്ചതും. മരവിപ്പിക്കൽ തീരുമാനത്തിന് പിന്നാലെ റാങ്ക് പട്ടിക വെബ്സൈറ്റിൽനിന്ന് പിൻവലിച്ചു. നേരത്തെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ ഹരജിക്കാരൻ സർവകലാശാലക്കെതിരെ കോടതിയലക്ഷ്യ ഹരജിയും സമർപ്പിച്ചിരുന്നു.
സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ 46 വിഷയങ്ങളിലായി 150ലേറെ അധ്യാപകരെ നിയമിക്കാനാണ് റാങ്ക് പട്ടിക തയാറാക്കിയത്. സർവകലാശാല പഠന വകുപ്പുകളിൽ 299 അധ്യാപക തസ്തികകൾക്കാണ് സർക്കാർ അംഗീകാരമുള്ളത്. ഇതിൽ 160 തസ്തികകളിലാണ് അധ്യാപകരുള്ളത്. അവശേഷിക്കുന്ന 139 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഇതിനുപുറമെ സർവകലാശാല സമീപകാലത്ത് ആരംഭിച്ച 16 ബിരുദ കോഴ്സുകളിലേക്കുള്ള നിയമനവും പുതിയ റാങ്ക് പട്ടികയിൽ നിന്നാണ് നടത്തേണ്ടിയിരുന്നത്.
