പാലക്കാട് സ്കൂൾ വെടിവെപ്പ്: കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്തു

തൃത്താല (പാലക്കാട്): വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റ സംഭവത്തില്‍ തോക്കുകൊണ്ടുവന്ന വിദ്യാർഥിയുടെ മാതാവിനെതിരെ പൊലീസ് കേസെടുത്തു. കൊടുമുണ്ട കോടാലി സ്വദേശിനിക്കെതിരെയാണ് തൃത്താല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വിദ്യാർഥിക്ക് ഇതെങ്ങിനെ ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ മാതാവിനെ ചോദ്യം ചെയ്ത് വ്യക്തത വരുത്തുമെന്ന് തൃത്താല എസ്.എച്ച്.ഒ കാളി കെ. കൃഷ്ണന് അറിയിച്ചു. വിദ്യാർഥി സി.ഡബ്ല്യു.സി കസ്റ്റഡിയിലാണ്. അതേസമയം, പരിക്കേറ്റ വിദ്യാർഥിയുടെ തോളെല്ലില്‍ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കുട്ടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ ചൊവ്വാഴ്ച രാവിലെ 11.45 യോടെയാണ് സംഭവം. ഒമ്പതാംക്ലാസ് വിദ്യാർഥിക്കാണ് സഹപാഠിയുടെ കൈയിലെ തോക്കില്‍ നിന്നും വെടിയേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന നാടന്‍ തോക്ക് സഹപാഠിക്ക് കാണിക്കാന്‍ കൊണ്ടുവന്നതായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതിനിടെ മൂന്ന് തവണയാണ് വെടിപൊട്ടിയത്. ഒന്ന് തറയിലും ഒന്ന് അരികിലൂടെയും പോയി. അവസാനത്തെ വെടിയാണ് കൊണ്ടത്. തോളെല്ലിന് പരിക്കേറ്റത്.
വീട്ടിലെ ഷെൽഫിൽനിന്നാണ് തോക്ക് ലഭിച്ചതെന്നാണ് സ്കൂൾ അധികൃതർ നൽകിയ വിവരമെന്ന് തൃത്താല എസ്.ഐ സത്യജിത്ത് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ മുത്തച്ഛന്റെതാണ് നാടൻ നിർമിത റിവോൾവർ. ലൈസൻസ് ഇല്ലാത്ത തോക്കാണിത്. വിദ്യാർഥിയുടെ വീട്ടിൽ തൃത്താല, പട്ടാമ്പി പൊലീസിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി.
വെടിയൊച്ച കേട്ടതോടെ വിദ്യാർഥികൾക്കിടയിൽ വലിയ ആശങ്കയുണ്ടായതായി സ്കൂൾ അധികൃതർ പറഞ്ഞു. തുടർന്ന് ക്ലാസുകൾ അവസാനിപ്പിക്കുകയും വിദ്യാർഥികളെ വീട്ടിലേക്ക് പറഞ്ഞയക്കുകയുമായിരുന്നു. അപകടകരമായ വസ്തുക്കൾ സ്കൂളിലേക്ക് കൊണ്ടുവരുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിശോധന ശക്തമാക്കും.
