സിക്സറടിച്ച പന്ത് പറന്നത് റോഡിലേക്ക്, ഓടുന്ന ബൈക്കിലിരുന്ന് ഒറ്റക്കൈയിൽ ക്യാച്ച്; വീഡിയോ വൈറൽ

ക്രിക്കറ്റ് മൈതാനങ്ങളിൽ അവിശ്വസനീയമായ നിരവധി ക്യാച്ചുകൾ കണ്ടിട്ടുണ്ടാകും. എന്നാൽ, പാകിസ്താനിലെ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ പിറന്ന വിസ്മയ ക്യാച്ചിലെ നായകൻ കളിക്കാരനോ ഗാലറിയിലെ കാണിയോ ആയിരുന്നില്ല. മൈതാനത്തിന് പുറത്തുള്ള റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് ഒറ്റക്കൈയിൽ പന്ത് പിടിച്ചെടുത്ത് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചത്.

പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ നടക്കുന്ന സ്വാത് പ്രീമിയർ ലീഗിലാണ് സംഭവം. സ്വാത് സ്ട്രൈക്കേഴ്സും ജി.കെ.ആർ ദിറും തമ്മിലുള്ള മത്സരത്തിനിടെ ജി.കെ.ആറിന്റെ ഇന്നിങ്സിലെ ആറാം ഓവറിൽ ബാറ്റർ സിക്സറിന് പറത്തിയ പന്ത് മൈതാനത്തിന് പുറത്തേക്ക് പോയി.

ഇതേസമയം മൈതാനത്തിന് സമീപത്തെ റോഡിലൂടെ കടന്നുപോവുകയായിരുന്നു ഒരു ബൈക്ക്. പിന്നിലിരുന്ന യാത്രക്കാരൻ തന്റെ നേർക്ക് പറന്നുവന്ന പന്ത് കൈ നീട്ടി പിടിച്ചെടുത്തു. ബൈക്ക് നിർത്തുകപോലും ചെയ്യാതെയായിരുന്നു അവിശ്വസനീയമായ ക്യാച്ച്.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രസകരമായ പ്രതികരണങ്ങളുമായി ക്രിക്കറ്റ് ആരാധകരും രംഗത്തെത്തി. ‘ക്രിക്കറ്റ് ചരിത്രത്തിൽ ഇതിലും മികച്ചൊരു ക്യാച്ച് കണ്ടിട്ടില്ല’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ‘മനുഷ്യചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച്’ എന്ന് മറ്റൊരാൾ വിശേഷിപ്പിച്ചു. യാത്രക്കിടെ പറന്നുവരുന്ന പന്ത് ഇത്ര കൃത്യമായി പിടിച്ചെടുത്ത യുവാവിന്റെ സമയോചിതമായ പ്രതികരണത്തെയും നിരവധി പേർ പ്രശംസിച്ചു.

പ്രാദേശിക ടേപ്പ് ബാൾ ക്രിക്കറ്റ് ടൂർണമെന്റായ സ്വാത് പ്രീമിയർ ലീഗിന്റെ എട്ടാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. നവംബർ 21ന് സ്വാതിലെ ഗ്രാസി ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുൻ പാകിസ്താൻ ഓൾറൗണ്ടർ അബ്ദുൽ റസാഖും പങ്കെടുത്തിരുന്നു. പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഡിസംബർ 11 വരെ നീളും.