വെള്ളാപ്പള്ളിയുടെ പ്രചാരണം കള്ളം; എട്ട് ജില്ലകളിലെ എയ്ഡഡ് സ്കൂൾ കണക്ക് സഭയിൽ


തിരുവനന്തപുരം: കേരളത്തിൽ മുസ്​ലിംകൾക്ക്​ 4020 എയ്​ഡഡ്​ സ്കൂളുകളുണ്ടെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന കള്ളമെന്ന്​ നിയമസഭ ചോദ്യത്തിന്​ നൽകിയ മറുപടിയിൽ വ്യക്​തം. മലപ്പുറം, കോഴിക്കോട്​ ഉൾപ്പെടെ എട്ട്​ ജില്ലകളിലെ എയ്​ഡഡ്​ സ്കൂളുകളുടെ കണക്ക്​ വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ ഉത്തരമായി നൽകിയതിൽ 1162 എണ്ണമാണ്​ മുസ്​ലിം മാനേജ്​മെന്‍റിന്​ കീഴിലുള്ളതെന്ന്​ വ്യക്തം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലെ കണക്കുകൾ ഉൾപ്പെടുത്താതെ ഈഴവ വിഭാഗത്തിന്​ 403 സ്കൂളുകളും നായർ വിഭാഗത്തിന്​ 565 സ്കൂളുകളുമുണ്ടെന്ന്​ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിൽ പറയുന്നു. കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെ ജില്ലകളിലാണ്​ എസ്​.എൻ.ഡി.പി ഉൾപ്പെടെ ഈഴവ മാനേജ്​മെന്‍റുകൾക്ക്​ കൂടുതൽ സ്കൂളുകളുള്ളത്​. കാസർകോട്​, വയനാട്​, കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 4212 എയ്​ഡഡ്​ സ്കൂളുകളുടെ കണക്കാണ്​ മന്ത്രി നൽകിയത്​.

ഇതിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത്​ കൃസ്ത്യൻ മാനേജ്​മെൻറുകൾക്കാണ്​ -1254. എട്ട്​ ജില്ലകളിലെ മുസ്​ലിം മാനേജ്​മെന്‍റുകൾക്ക്​ കീഴിലുള്ള മുഴുവൻ സ്കൂളുകളുടെയും എണ്ണം ഉത്തരത്തിലുണ്ടെങ്കിലും ഈ ജില്ലകളിൽ ഈഴവ, നായർ ഒഴികെയുള്ള മാനേജ്​മെന്‍റുകൾക്ക്​ കീഴിലുള്ള എണ്ണം പ്രത്യേകം നൽകിയിട്ടില്ല. മറ്റുള്ളവ എന്ന വിഭാഗത്തിൽ 828 സ്കൂളുകളുണ്ട്​. വെള്ളാപ്പള്ളി ആരോപിച്ചതി​ന്‍റെ മൂന്നിലൊന്ന്​ സ്കൂളുകൾ പോലും മുസ്​ലിം മാനേജ്​മെന്‍റുകൾക്ക്​ കീഴി​ൽ ഇല്ലെന്ന്​ വ്യക്​തമാക്കുന്നതാണ്​ ഈ മറുപടി.

സംസ്ഥാനത്ത്​ 7195 എയ്​ഡഡ്​ സ്കൂളുകൾ ഉള്ളതിൽ എട്ട്​ ജില്ലകളിലെ 4212 സ്കൂളുകളുടെ കണക്കാണ്​ പുറത്തുവന്നത്​. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലെ വിവരങ്ങൾ ശേഖരിച്ചുവരുന്നുവെന്നും ടി.വി ഇബ്രാഹിമിന്‍റെ ചോദ്യത്തിന് മറുപടിയിൽ മന്ത്രി വ്യക്​തമാക്കുന്നു. എന്നാൽ, മുൻ സർക്കാറിന്‍റെ കാലത്തും നിലവിലെ സർക്കാറിന്‍റെ കാലത്തും വ്യക്​തികൾക്കും സംഘടനകൾക്കും എയ്​ഡഡ്​ മേഖലയിൽ അനുവദിച്ച സ്കൂളുകളുടെ വിവരം തേടിയ എൻ. ഷംസുദ്ധീന്‍റെ ചോദ്യത്തിന്​ വിവരം ശേഖരിച്ചുവരുന്നുവെന്ന മറുപടിയാണ്​ മന്ത്രി നൽകിയത്​.