അരിക്കുൾപ്പെടെ പലവ്യഞ്ജനങ്ങൾക്ക് വൻ വിലക്കയറ്റം

കൊച്ചി: കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് വിപണിയിൽ അവശ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം. നത്യവും ഉപയോഗിക്കുന്ന അരി ഉൾപ്പെടെ പലവ്യഞ്ജനങ്ങൾക്കും ചില ഇനം പച്ചക്കറികൾക്കും മുട്ട, മീൻ, കോഴി ഇറച്ചി എന്നിവയ്ക്കും കഴിഞ്ഞദിവസങ്ങളിൽ വില കുതിച്ച് കയറിയതോടെ സാധാരണക്കാർ നട്ടം തിരിയുകയാണ്. വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈക്കോ ഉൾപ്പെടെയുള്ള ഏജൻസികൾ വഴി സർക്കാർ നടത്തുന്ന ശ്രമങ്ങൾ വിപണിയിൽ പ്രതിഫലിക്കുന്നുമില്ല.
അരിവില കൂടിയത് 30 ശതമാനം
അരിയുടെ വിലയിലുണ്ടായ കുതിപ്പാണ് മലയാളികളെ അക്ഷരാർഥത്തിൽ വെട്ടിലാക്കിയത്. കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന മട്ട അരിയുടെ വിലയിൽ 30 ശതമാനം വില വർധനവാണ് ഒറ്റയടിക്കുണ്ടായത്. കിലോയ്ക്ക് 50 രൂപയുണ്ടായിരുന്നത് 65 രൂപവരെയെത്തി. കേരളത്തിൽ ഉപയോഗിക്കുന്ന മറ്റ് പ്രധാന അരി ഇനങ്ങളായ ജയ, സുരേഖ എന്നിവക്ക് കിലോയ്ക്ക് എട്ട് മുതൽ 10 രൂപ വരെയാണ് വർധിച്ചത്. കേരളത്തിൽ ഏറെ ഉപയോഗിക്കപ്പെടുന്ന പൊന്നി അരിക്ക് കിലോയ്ക്ക് 17-20 രൂപ കൂടിയിട്ടുണ്ട്. 80 രൂപയോളമാണ് പൊന്നി അരിയുടെ വില. ജയ, സുരേഖ ഇനങ്ങൾക്ക് 55 രൂപയാണ് ചില്ലറ വിൽപ്പന വില. 100-110 രൂപയുണ്ടായിരുന്ന ബസുമതി അരിക്ക് നിലവില 130 രൂപയാണ് കിലോ വില.
ഞെട്ടിച്ച് പലവ്യഞ്ജനങ്ങൾ
അരിക്ക് പുറമെ മറ്റ് നിത്യോപയോഗ പലവ്യഞ്ജനങ്ങളുടെ വിലയിൽ ഉണ്ടായ കുതിപ്പ് ഞെട്ടിക്കുന്നതാണ്. 60-70 ശതമാനം വില വർധനയാണ് പല ഇനങ്ങൾക്കും ഉണ്ടായിരിക്കുന്നത്. വറ്റൽ മുളക് വില 230 രൂപയിൽ നിന്ന് 360-430 രൂപയായാണ് വർധിച്ചത്. മഞ്ഞളിന്റെ വില 180 നിരക്കിൽ നിന്ന് 300 രൂപവരെയായി. മല്ലി കിലോയ്ക്ക് 150 നിന്ന് 240 രൂപവരെ എത്തുകയും ചെയ്തു. പരിപ്പ്, പയർ വർഗങ്ങൾക്കും കാര്യമായി വില വർധിച്ചിട്ടുണ്ട്. തുവരപ്പരിപ്പിന് 170 വരെയാണ് കിലോ വില. ഉഴുന്നിന് 12-15 രൂപ വർധിച്ച് 150 രൂപ വരെയെത്തി. കടലക്ക് 130 രൂപയും വൻപയറിന് കിലോയ്ക്ക് 130 രൂപവരെയും വില എത്തി. വെള്ള കടലക്ക് 140-145 രൂപയാണ് ചില്ലറ വില. മൊത്ത വിൽപ്പന കടകളിൽ വരെ ചെറുപയർ കിലോയ്ക്ക് 150 രൂപയാണ് വില. തീരെ മധുരമില്ലാത്ത അവസ്ഥയിലാണ് പഞ്ചസാര വില. ഏറെകാലം കിലോയ്ക്ക് 45 രൂപയായിരുന്ന പഞ്ചസാര വില പൊടുന്നനെ 20-23 രൂപയോളം വർധിച്ച് 68 രൂപയായി. മൊത്ത വിപണിയിൽ തന്നെ ക്വിന്റലിന് 5500 രൂപയാണ് വില.
കരയിച്ച് ഉള്ളി വില
സമീപകാലത്ത് ചില ഇനം പച്ചക്കറികളുടെ വിലയിൽ ഉണ്ടായ വർധനവും ഞെട്ടിക്കുന്നതാണ്. ചെറിയ ഉള്ളി, സവോള, ബീൻസ്, നാരങ്ങ, മുരിങ്ങക്ക തുടങ്ങിയ പച്ചകറികൾക്കാണ് സമീപകാലത്ത് കാര്യമായി വില വർധിച്ചത്. അതേസമയം നേന്ത്രപഴത്തിന് മാസങ്ങളായി കിലോയ്ക്ക് 80 രൂപയാണ് വില. ഞാലിപ്പൂവൻ പഴത്തിനും 80 രൂപയോളമാണ് വില. ചെറിയ ഉള്ളിയും സവോളയും വീട്ടമ്മമാരെ അക്ഷരാർഥത്തിൽ കരയിക്കുകയാണ്. കിലോയ്ക്ക് 30-35 രൂപയുണ്ടായിരുന്ന സവോളയുടെ വില 70-80 രൂപയിലേക്കാണ് കുതിച്ചത്. ചെറിയ ഉള്ളിയുടെ വില 50-60 രൂപയിൽ നിന്ന് 140-150 രൂപയിലുമെത്തി. ബീൻസ് 80, ചെറുനാരങ്ങ 140, മുരിങ്ങക്ക 100 എന്നിങ്ങനെയാണ് ഏറെ ആവശ്യക്കാരുള്ള ചില ഇനം ചച്ചക്കറികളുടെ വില നിലവാരം. 35-43 രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങ് വില 60 രൂപയിലെത്തി. കിലോയ്ക്ക് 30 മുതൽ 40 രൂപ വരെയാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ബീൻസിന് വർധിച്ചത്. വെളുത്തുള്ളി വില 200 രൂപക്കു മുകളിലാണ്. അതേസമയം വെള്ളരി, കുമ്പളങ്ങ, മത്തങ്ങ തുടങ്ങിയ നാടൻ പച്ചക്കറി ഇനങ്ങൾക്ക് കാര്യമായ വില വർധനയില്ല. വെള്ളരി, കുമ്പളങ്ങ കിലോ 35ഉം മത്തങ്ങ 25ഉം രൂപയാണ് വില. നേരത്തെ ഇവയ്ക്ക് 25 രൂപയായിരുന്നു വില.
കോഴിക്കും മുട്ടക്കും കൂടി
മലയാളികളുടെ ഇഷ്ട നോൺവെജ് ഇനമായ കോഴി ഇറച്ചിയുടെ വിലയും പടിപടിയായി വർധിക്കുകയാണ്. 130 രൂപയ്ക്കടുത്തായിരുന്ന ബ്രോയിലർ കോഴി വില നിലവിൽ 160-165 രൂപയാണ്. ഇത് ഇനിയും കൂടുമെന്നാണ് പൊതുവെ വ്യാപാരികൾ വിലയിരുത്തുന്നത്. മുട്ടയുടെ വില 7.50 രൂപയായും വർധിച്ചിട്ടുണ്ട്. ബീഫിന് 480-500 രൂപയാണ് വില.
കാലാവസ്ഥ ചതിച്ചു; അരി വില കുതിച്ചു
കൊച്ചി: കേരളത്തിലെ അരി വില വർധനക്ക് കാരണങ്ങൾ പലതുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനം മൂലമുള്ള കൃഷി നാശമാണ് പ്രധാന വില്ലനായത്. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും അരിയെത്തുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം ചിലയിടങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കൃഷി നശിച്ചു. മറ്റു ചിലയിടങ്ങളിലെ കടുത്ത വരൾച്ചയും നെൽകൃഷിക്ക് തടസ്സമായി. ഇതോടെ ഉൽപ്പാദനം വൻതോതിൽ ഇടിയുകയും വിപണിയിലേക്കുള്ള അരിയുടെ വരവ് കാര്യമായി കുറയുകയും ചെയ്തു. ഇത് വിലക്കയറ്റത്തിന് നേരിട്ട് തന്നെ വഴിയൊരുക്കി. കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ചിരുന്ന അരി വിഹിതത്തിൽ ഉണ്ടായ വലിയ കുറവും പൊതുവിപണിയെ ബാധിച്ചു. ഇതിനു പുറമെ ഇന്ധനവില വർധന മൂലം ഗതാഗതച്ചെലവ് വർധിച്ചതും വിലവർധനക്ക് കാരണമായി.
അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് അരി എത്തിക്കുന്ന ലോറികളുടെ വാടക ഇനത്തിൽ പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ അധികമായി ലോറിക്കാർ ഈടാക്കുന്നതായി പറയുന്നു. ഇതിനുപുറമേ ചില വ്യാപാരികൾ നടത്തുന്ന പൂഴ്ത്തിവെപ്പും വിലക്കയറ്റത്തിന് വഴിയൊരുക്കുന്നതായി പരാതിയുണ്ട്.
വരവ് കുറഞ്ഞത് പച്ചക്കറി വില കത്തിച്ചു
കൊച്ചി: അയൽ സംസ്ഥാനങ്ങളിൽ കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലമുണ്ടായ തിരിച്ചടിയാണ് കേരളത്തിൽ ചില ഇനം പച്ചക്കറി വിലയിലെ കുതിപ്പിന് വളിയൊരുക്കിയത്. കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്ന തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കൃഷിയെ ബാധിച്ചു. ഇതോടെ പച്ചക്കറി വരവ് കാര്യമായി കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്. മഹാരാഷ്ട്രയിൽ ഉത്പാദനം ഇടിഞ്ഞതാണ് സവോളയുടെയും ഉള്ളയുടെയും വില ക്രമാതീതയായി വർധിക്കാൻ കാരണമായത്. ബംഗളൂരു, ഹുബ്ലി എന്നിവടങ്ങളിൽ നിന്ന് വരുന്നവ പെട്ടെന്ന് അഴുകുന്നതിനാൽ പൂണെ, നാസിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സവോളയും ഉള്ളിയുമാണ് എറണാകുളത്തെ വ്യാപാരികൾ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ഇവിടെ ഉത്പാദനത്തിൽ 40 ശതമാനത്തോളം ഇടിവ് ഉണ്ടായതാണ് കനത്ത തിരിച്ചടിയായത്. ഇനിയും വില കൂടിയേക്കുമോ എന്ന ആശങ്കയും വിപണിയിൽ നിലനിൽക്കുന്നുണ്ട്.
