കണ്ണീരോർമയായി വിദ്യാർഥികൾക്കു മുന്നിലേക്ക് ഒന്നിനു പിറകെ ഒന്നായി അവരെത്തി; ഹാജർ വിളിക്കുന്നതു പോലെ, ചേതനയറ്റ്



മലപ്പുറം: എന്നും രാവിലെ ക്ലാസിൽ തങ്ങളുടെ പേര് വിളിച്ച് ഹാജർ രേഖപ്പെടുത്തിയ അധ്യാപകർ ചേതനയറ്റ് ആംബലൻസുകളിൽ ആംബുലൻസിൽ ഒന്നിനു പിറകെ ഒന്നായി അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂൾ മുറ്റത്തേക്ക് എത്തിയപ്പോൾ വിദ്യാർഥികളിലും രക്ഷിതാക്കളും വൈകാരിക രംഗങ്ങൾ. രാവിലെ ഒമ്പതു കഴിഞ്ഞാണ് ഒമ്പതു മൃതദേഹങ്ങളുമായി ആംബുലൻസുകൾ മലപ്പുറം പാങ്ങ് സ്കൂളിലേക്കെത്തിയത്. വിനോദയാത്രക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ച മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി സ്‌കൂളിലെ അധ്യാപകരടക്കമുള്ളവരുടെ ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാൻ ഒരുനാട് ഒന്നടങ്കം ഇവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അധ്യാപകർ പഠിച്ചുകൊണ്ടിരുന്ന ഗവ. എൽ.പി സൂളിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂൾ മുറ്റത്താണ് പൊതു ദർശനം. അധ്യാപകർ തങ്ങളെ എന്നും കാണുന്ന യൂണിഫോമിട്ടാണ് വിദ്യാർഥികൾ അവരുടെ അപ്രതീക്ഷിത അന്ത്യയാത്രക്കെത്തിയത്.

യു.പി സ്കൂളിലെ കുട്ടികളിൽ പലർക്കും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരും ആയയും വിട്ടുപിരിഞ്ഞതിനെ വേത തിരിച്ചറിയാനുള്ള പ്രായം പോലുമായിട്ടില്ലെന്നത് കണ്ടുനിന്ന നാട്ടുകാരുടെ കണ്ണുകളെ ഈറനണിയിച്ചു. ഒരു മണിക്കൂറാണ് ഇവിടെ പൊതുദർശനം ഉണ്ടായിരിക്കുക. എന്നാൽ ജന പ്രിതിനിധികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ഇവിടെ ആളുകൾ എത്തിയത്. ആയിരക്കണക്കിന് പേർ ഇതിനകം തന്നെ സ്കൂളിൽ എത്തിയിട്ടുണ്ട്. അയൽ നാടുകളിൽ നിന്നുപോലും ജനം സ്കൂളിലേക്ക് ഒഴുകുന്നകാഴ്ചയാണ്. അതിനാൽ സ്കൂളിലെ പൊതുദർശനം നീളാൻ സാധ്യയുണ്ട്.

അതിന് ശേഷം മൃതദേഹങ്ങളുടെ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി ബന്ധുമിത്രാതികളെ കാണിച്ചതിന് ശേഷം സംസ്കാര ചടങ്ങുകൾ നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പാണക്കാട് സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ സ്കൂളിൽ എത്തിയിരുന്നു.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകിട്ട് 5.20 ന് ആണ് വാൽപാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർഅകലെയാണ് അപകടമുണ്ടായ സ്ഥലം. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.

മലപ്പുറം പുലാമന്തോൾ സ്വദേശിയും പാങ്ങ് ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത(54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല(52), സുഹറ(43), ആശ(41), അധ്യാപകനായ മജീദ്(43), മജീദിന്റെ ഭാര്യ റുഖിയ(39), സ്കൂളിലെ ബസ് ഡ്രൈവർ നൗഷാദ് (39), സ്കൂളിലെ പാചകത്തൊഴിലാളി സാജിത(45) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തിൽ മരിച്ച അധ്യാപിക സുഹറയുടെ മകൻ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയിൽ എത്തിയ ശേഷം മരിച്ചു.

ഇന്നലെ അര്‍ധരാത്രിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണു പൂര്‍ത്തിയായത്. മരിച്ചവരിൽ ആറു പേരും സമൂപ പ്രദേശങ്ങളിൽ താമസിക്കുന്നവരുമാണ്. നാടിന് വെളിച്ചമേകിയ സ്കൂളിലെ അധ്യാപകർ എന്നപോലെ തന്നെ തങ്ങളുടെ നാട്ടുകാരെക്കൂടിയാണ് പാങ്ങിന് നഷ്ടമായത്.

കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു.