വെള്ളാപ്പള്ളിയുടെ പ്രചാരണം കള്ളം; എട്ട് ജില്ലകളിലെ എയ്ഡഡ് സ്കൂൾ കണക്ക് സഭയിൽ
തിരുവനന്തപുരം: കേരളത്തിൽ മുസ്ലിങ്ങൾക്ക് 4020 എയ്ഡഡ് സ്കൂളുകളുണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കള്ളമെന്ന് നിയമസഭ ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്തം. മലപ്പുറം, കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിലെ എയ്ഡഡ് സ്കൂളുകളുടെ കണക്ക് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വെച്ചു. 1162 എണ്ണമാണ് മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലെ കണക്കുകൾ ഉൾപ്പെടുത്താതെ ഈഴവ വിഭാഗത്തിന് 403 സ്കൂളുകളും നായർ വിഭാഗത്തിന് 565 സ്കൂളുകളുമുണ്ട്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഈഴവ മാനേജ്മെന്റുകൾക്ക് കൂടുതൽ സ്കൂളുകളുള്ളത്. കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 4212 എയ്ഡഡ് സ്കൂളുകളുടെ കണക്കാണ് മന്ത്രി നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത് ക്രിസ്ത്യൻ മാനേജ്മെൻറുകൾക്കാണ് -1254. മുസ്ലിം മാനേജ്മെന്റുകൾക്ക് കീഴിലുള്ള മുഴുവൻ സ്കൂളുകളുടെയും എണ്ണം ഉത്തരത്തിലുണ്ടെങ്കിൽ ഈ ജില്ലകളിൽ ഈഴവ, നായർ ഒഴികെയുള്ള മാനേജ്മെന്റുകൾക്ക് കീഴിലുള്ള എണ്ണം പ്രത്യേകം നൽകിയിട്ടില്ല. മറ്റുള്ളവ എന്ന വിഭാഗത്തിൽ 828 സ്കൂളുകളുണ്ട്. വെള്ളാപ്പള്ളി ആരോപിച്ചതിന്റെ മൂന്നിലൊന്ന് സ്കൂളുകൾ പോലും മുസ്ലിം മാനേജ്മെന്റുകൾക്ക് ഇല്ലെന്ന് മറുപടി വ്യക്തമാക്കുന്നു.
