വീടിന്‍റെ ഗേറ്റ് തകർത്തു, മരങ്ങളും വൈദ്യുതി പോസ്റ്റും മറിച്ചിട്ടു; നാടിനെ മുൾമുനയിൽ നിർത്തി കൊമ്പന്റെ പരാക്രമം
പെരിങ്ങോട്ടുകര (തൃശ്ശൂർ): നാലു മണിക്കൂറോളം നാടിനെ മുൾമുനയിൽ നിർത്തി കൊമ്പന്റെ പരാക്രമം. ഗൗരി നന്ദൻ എന്ന ആനയാണ് തൃപ്രയാർ കിഴക്കേനട രാജവീഥി റോഡിൽ ഇടഞ്ഞോടി വ്യാപക നാശം വരുത്തിയത്. വീടിന്റെ ഗേറ്റ് തകർത്ത ആന നിരവധി തെങ്ങുകളും വൈദ്യുതി പോസ്റ്റും മാവും മറിച്ചിട്ടു.
പുലർച്ചെ നാലു മണിയോടെ എഴുന്നള്ളിപ്പ് കഴിഞ്ഞ് ലോറിയിൽ കൊണ്ടു വന്ന് ഒഴിഞ്ഞ പറമ്പിൽ തളക്കാൻ പോവുമ്പോഴാണ് ആന ഇടഞ്ഞോടിയത്. റോഡിലൂടെ ഓടിയ ആന അലങ്കാര പറമ്പത്ത് സലാമിന്റെ വീടിന്റെ ഗേറ്റ് തകർത്തു. തുടർന്ന് വീടുകളുടെ ഇടയിലൂടെ ഓടിയ ആന കരിമ്പാടത്ത് താമസിക്കുന്ന സുശാന്തിന്റെ ബൈക്ക് തകർത്തു.
പുലർച്ചെയായതിനാൽ ആളുകൾ ഉണർന്നിരുന്നില്ല. ഇതിനിടെ സംഭവമറിഞ്ഞവർ ബഹളം വെച്ചതോടെ ആന ഓടി ചെറുപറമ്പ് പ്രദേശത്തെത്തി. അവിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ എട്ട് തെങ്ങുകളും സമീപത്തെ ഇലക്ട്രിക് പോസ്റ്റും മാവും മറിച്ചിട്ടു.
ഇതിനിടെ പൊലീസും എലിഫന്‍റ് സ്‌ക്വാഡും സ്ഥലത്തെത്തിയെങ്കിലും ഏറെ പണിപ്പെട്ട് രാവിലെ ഏഴരയോടെയാണ് ആനയെ തളച്ചത്. ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മുന്നോട്ടെടുത്ത ലോറി ആനയുടെ ശരീരത്തിൽ തട്ടിയതോടെയാണ് ഓടിയതെന്നും പറയുന്നു.
കഴിഞ്ഞ ദിവസം വയനാട് എഴുന്നള്ളിപ്പിന് കൊണ്ട് പോയപ്പോഴും ആന ഇടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. താന്ന്യം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് എൻ.എ. പീതാംബരൻ, വാർഡ് മെംബർ ശ്രീകേഷ് എസ്. ചന്ദ്രൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
