സ്വർണക്കൊള്ളയിൽ ഇന്നും നിയമസഭ പ്രക്ഷുബ്ധം; സ്പീക്കറുടെ സീറ്റിന് തൊട്ടടുത്ത് ബാനർ ഉയർത്തി പ്രതിപക്ഷം, പ്ലക്കാർഡുമായി ഭരണപക്ഷം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലും സോണിയ ഗാന്ധിക്കെതിരായ പരാമർശങ്ങളിലും നിയമസഭയിൽ ഇന്നും കൊച്ചുകോർത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ. പ്ലക്കാർഡും ബാനറും ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. പി.കെ. ബഷീറിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷങ്ങൾ സ്പീക്കറുടെ സീറ്റിന് തൊട്ടരികെ വരെ എത്തി.
സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും സി.പി.എം എം.എൽ.എ കടകംപള്ളി സുരേന്ദ്രനും സംസാരിക്കുന്ന ചിത്രം പതിച്ച പ്ലക്കാർഡും സ്വർണം കട്ടവൻ ആരപ്പാ… സഖാക്കളാണേ അയപ്പാ… എന്ന മുദ്രാവാക്യം എഴുതിയ ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങൾ ഇന്ന് നിയമസഭയിൽ എത്തിയത്.
സഭയിൽ ഇന്നലെ നടന്ന സംഭവങ്ങളിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രൂക്ഷ വിമർശനമാണ് ഇന്ന് നടത്തിയത്. വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചെന്ന തെറ്റായ പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നും അത് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രതിപക്ഷം കോപ്രായം നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പ്രതിപക്ഷം കോപ്രായം നടത്തിയിട്ടില്ല. സഭയിൽ കോപ്രായം നടത്തിയ ആളുകൾ ഭരണപക്ഷത്തിന് ഇരിക്കുന്നുണ്ട്. ബാനർ പിടിച്ച് പ്രതിഷേധിക്കുന്നത് ആദ്യ സംഭവമല്ല. ചേംബറിൽ വെച്ച് ചർച്ച നടത്തേണ്ട സംഭവം ഉണ്ടായിട്ടില്ലെന്ന് സ്പീക്കർ തന്നെ പറഞ്ഞിട്ടുണ്ട്.
ചോദ്യോത്തരത്തിനായി മൈക്ക് കിട്ടുമ്പോൾ മന്ത്രിമാർ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആക്ഷേപിക്കുകയാണ്. ആക്ഷേപമെല്ലാം സഭാ രേഖകളിൽ കിടക്കുകയാണ്. പ്രിയപ്പെട്ട നേതാവായ സോണിയ ഗാന്ധിയെയും കേരളത്തിൽ നിന്നുള്ള എം.പിയായ പ്രിയങ്ക ഗാന്ധിയെയും മൈക്ക് കിട്ടുമ്പോൾ മന്ത്രിമാർ അധിക്ഷേപിക്കുകയാണ്. തന്നെ വ്യക്തിപരമായി മന്ത്രിമാർ തേജോവധം ചെയ്യുകയാണ്. ഈ പരിപാടിയുമായി പ്രതിപക്ഷത്തിന് യോജിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷം പൂർണമായി നിസ്സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് സഭയിൽ വ്യക്തമാക്കി.
ബാനർ കെട്ടിയ വടി കൊണ്ട് വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷ അംഗം തല്ലിയിട്ടുണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കി. ചെയറിന്‍റെ നിർദേശം പാലിക്കുക മാത്രമാണ് വാച്ച് ആൻഡ് വാർഡ് ചെയ്തത്. സംഘർഷം ഒഴിവാക്കാൻ വേണ്ടിയാണ് ചെയർ നിർദേശം നൽകിയത്. വാച്ച് ആൻഡ് വാർഡിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചപ്പോൾ ചെയർ ഇടപെട്ടിട്ടുണ്ടെന്നും സ്പീക്കർ സഭയിൽ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് തന്നെ കുറിച്ച് മോശം പരാമർശം നടത്തുന്നുവെന്ന് മന്ത്രി ശിവൻകുട്ടി ആരോപിച്ചു. പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ പഠിക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ സഭ നടപടികളുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കിയിരുന്നു. തുടർന്ന് നടുത്തളത്തിലേക്ക് ഇറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെക്കെത്തി ബാനർ പിടിച്ച് മുദ്രാവാക്യം മുഴക്കി. ‘സ്വർണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്ന ബാനർ ഉയർത്തിയുള്ള പ്രതിഷേധത്തിനിടെയും ചോദ്യോത്തരവേള തുടർന്നു.
കാഴ്ചമറച്ച് പിടിച്ച ബാനർ മാറ്റണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബഹളം തുടരവെ ബാനർ പിടിച്ചു വാങ്ങാൻ വാച്ച് ആൻഡ് വാർഡുമാർ ശ്രമിച്ചുവെങ്കിലും ഇതിനെ പ്രതിപക്ഷാംഗം റോജി എം. ജോൺ ചെറുത്തതോടെ പിൻവാങ്ങി. ഈ സമയം ഭരണപക്ഷവും ഇരിപ്പിടം വിട്ടെഴുന്നേറ്റ് പ്രതിപക്ഷ അംഗങ്ങൾക്ക് അഭിമുഖമായി നിന്ന് മുദ്രാവാക്യം മുഴക്കി.
ഇതിനിടെ അൻവാർ സാദത്ത്, നജീബ് കാന്തപുരം, സനീഷ് കുമാർ ജോസഫ്, ടി.വി. ഇബ്രാഹിം എന്നിവർ സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഉന്തിനും തള്ളിനുമിടിയിൽ അൻവർ സാദാത്ത് ഡയസിലേക്ക് കടന്നതോടെ സ്പീക്കർ ഡയസ് വിട്ട് അകത്തേക്ക് പോവുകയായിരുന്നു. സാധാരണ സഭനിർത്തിവച്ചതായി അറിയിച്ച ശേഷമാണ് സ്പീക്കർ ഇത്തരം സന്ദർശങ്ങളിൽ ഇരിപ്പിടം വിടാറുള്ളത്.
പത്തിന് വീണ്ടും സഭ ചേർന്നതോടെ സാഹചര്യങ്ങൾ പൂർവാധികം പ്രക്ഷുബ്ധം. യു. പ്രതിഭ സബ്മിഷൻ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറിന് മുന്നിൽ ഉയർത്തിയ ബാനർ വാച്ച് ആന്‍റ് വാർഡ് ബലം പ്രയോഗിച്ച് വലിച്ചെടുത്തു. ബാനറിന്റെ ഒരറ്റത്ത് പിടിവിടാതിരുന്ന പി.സി. വിഷ്ണുനാഥിനെയും വലിച്ചു നീക്കി. ഇതോടെയാണ് അൻവർ സാദാത്ത് സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കടന്നതും പിന്നാലെ സ്പീക്കർ ഇരിപ്പിടം വിട്ടതും. ശേഷം മാത്യു കുഴിൽനാടനും ഡയസിലേക്ക് വലിഞ്ഞുകയറിയത്.
