സഖാവാകാൻ കഴിയില്ല, ഞാൻ തങ്ങന്മാരുടെ ശത്രുവല്ല -ഉമർ ഫൈസി മുക്കം
കുണിയ (കാസര്‍കോട്): കുറെ ആളുകളെ ലീഗും കുറെ ആളുകളെ സഖാവുമാക്കാൻ ശ്രമംനടക്കുന്നുണ്ടെന്നും അങ്ങനെ സഖാവാകാൻ കഴിയില്ലെന്നും ഉമർ ഫൈസി മുക്കം. സമസ്ത സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്വാഗതം പറയുകയായിരുന്നു അദ്ദേഹം.
ഫൈസിയെ സ്വാഗതംപറയാൻ ക്ഷണിച്ചപ്പോൾതന്നെ കരഘോഷവും ആരവവും മുഴങ്ങി. എന്നാൽ, തന്റെ പ്രസംഗത്തിൽ ആളുകളുടെ പേര് വിളിക്കുമ്പോൾ ആവേശം കൊള്ളരുതെന്ന് അദ്ദേഹം പറഞ്ഞു. താൻ പാണക്കാട് തങ്ങന്മാർക്കെതിരാണെന്ന് ചിലർ പ്രചരിപ്പിച്ചു. എന്നാൽ, താൻ തങ്ങന്മാരുടെ ശത്രുവല്ലെന്നും മുക്കം ഫൈസി കൂട്ടിച്ചേർത്തു.
3313 വളന്റിയര്‍മാര്‍ നിയന്ത്രണത്തിന്
കുണിയയില്‍ നടക്കുന്ന സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളന നിയന്ത്രണത്തിന് 3313 വളന്റിയര്‍മാര്‍ രംഗത്ത്. വിഖായ, ത്വലബ, ആമില വളന്റിയര്‍മാര്‍ക്കു പുറമെ പ്രാദേശിക വളന്റിയര്‍മാരും ഉള്‍പ്പെടെയാണ് 3313 വളന്റിയര്‍മാരെ സജ്ജമാക്കിയത്. 101 ബറ്റാലിയനുകളായി തിരിച്ചാണ് പ്രവര്‍ത്തനം. ഓരോ ബറ്റാലിയനും ക്യാപ്റ്റനും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രഹസ്യനിരീക്ഷകരുമുണ്ട്.
ഭക്ഷണ പാക്കിങ്ങും വിതരണവും, കുടിവെള്ളവിതരണം, വി.ഐ.പി, വി.വി.ഐ.പി അതിഥികള്‍ക്കുള്ള ഭക്ഷണവിതരണം, വാഹന പാര്‍ക്കിങ്, ഗതാഗതനിയന്ത്രണം, സമാപന സമ്മേളനത്തിന് എത്തുന്ന വാഹങ്ങളുടെ പാര്‍ക്കിങ് നിയന്ത്രണം, ക്യാമ്പ് സ്റ്റേജുകളുടെ നിയന്ത്രണം, ക്ലോക് റൂം, റിസപ്ഷന്, കാസര്‍കോട്, കാഞ്ഞങ്ങാട്, ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനുകളിലെയും കാസര്‍കോട്, കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡുകളിലെയും ഹെല്പ് ഡസ്ക്, ഇലക്ട്രിക്കല്‍ ആന്‍ഡ് സൗണ്ട് സിസ്റ്റം, സുരക്ഷാചുമതല, മെഡിക്കല്‍ സഹായം എന്നിവയും ഇവരുടെ ചുമതലയാണ്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. അഷ്റഫ് കുറ്റിക്കടവാണ് വളന്റിയര്‍ ക്യാപ്റ്റന്‍. മുഹ്യിദ്ദീന് കുട്ടി യമാനി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സലാം ഫറോക്ക്, അനസ് ഒളവറ എന്നിവരാണ് വൈസ് ക്യാപ്റ്റന്മാര്. ഷാരിഖ് ആലപ്പുഴയാണ് ഡ്യൂട്ടി കണ്ട്രോളര്, റഷീദ് ഫൈസി കാളികാവ്, വാഹിദ് നിലാമുറ്റം എന്നിവര്‍ അസി. ഡ്യൂട്ടി കണ്‍ട്രോളര്‍മാരുമാണ്.
ആവേശക്കടലായി കുണിയ
കുണിയയിലെ ക്യാമ്പിലെ പ്രതിനിധികൾക്ക് പുറത്തിറങ്ങാതെ എല്ലാ കാര്യങ്ങളും നിർവഹിക്കാനുള്ള ചിട്ടയായ ഹൈട്ടെക് സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചൂടും പൊടിയും കടക്കാത്തരീതിയിലുള്ള സംരക്ഷണകവചമുള്ള ടെന്റ് സംവിധാനത്തോടെയാണ് ക്യാമ്പ് സജ്ജീകരിച്ചത്. ക്യാമ്പിലും സമ്മേളനനഗരിയിലും എക്സ്പോക്ക് സമീപത്തായും ചികിത്സയും മറ്റും നടത്തുന്നതിനായി മുപ്പതോളം കിടക്കകളുള്ള കേന്ദ്രങ്ങളും പരിശോധിക്കാനുള്ള ഡോക്ടർമാരും അനുബന്ധ ജീവനക്കാരുമുണ്ട്. 20 ആംബുലൻസുകളും ഇവിടെ തയാറാക്കിയിട്ടുണ്ട്. അപകടസാഹചര്യങ്ങൾ നോക്കാൻ അഗ്നിരക്ഷസേനയും നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിനിധികൾക്കും ജീവനക്കാർക്കും മറ്റും പ്രത്യേകം തയാറാക്കിയ ഭക്ഷണശാലയിൽനിന്ന് പാചകംചെയ്യുന്ന ഭക്ഷണവും വെള്ളവും മാത്രമാണ് വിതരണം ചെയ്യുക. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനാവശ്യമായ സംവിധാനങ്ങളുമുണ്ട്.
