മന്ത്രി വി. അബ്ദുറഹ്മാനുനേരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം

താനൂർ സ്കൂൾപടിയിൽ യുവമോർച്ച പ്രവർത്തകർ
മന്ത്രി വി. അബ്ദുറഹ്മാന് കരിങ്കൊടി കാണിക്കുന്നു
താനൂർ: യുവമോർച്ച പ്രവർത്തകർ മന്ത്രി വി. അബ്ദുറഹ്മാനുനേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. കേന്ദ്രവുമായി ധാരണയിലെത്തി വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പി.എം.എ.വൈ 2.0 ഭവനപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് താനൂർ നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചതിനു പിറകെയാണ് അതേ വിഷയത്തിൽ നഗരസഭയിലെ മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോർച്ച കരിങ്കൊടി കാണിച്ചത്.
താനൂർ സ്കൂൾപടിയിൽ കൂൺ കൃഷി വിളവെടുപ്പ് പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത്. സമരക്കാരെ വെട്ടിച്ചുമാറി മന്ത്രിയുടെ വാഹനവും അകമ്പടിയായി വന്ന പൊലീസ് വാഹനവും കടന്നു പോവുകയായിരുന്നു. ഓരോ വാർഡിലും മുപ്പതോളം കുടുംബങ്ങൾ വീടിനായി കാത്തിരിക്കുമ്പോഴും പദ്ധതിക്കെതിരെ മുഖംതിരിഞ്ഞിരിക്കുന്ന മുഖ്യമന്ത്രി ഇനിയും ധാരണപത്രം ഒപ്പിടാൻ തയാറായില്ലെങ്കിൽ സമരം കടുപ്പിക്കുമെന്ന് വെസ്റ്റ് ജില്ല പ്രസിഡന്റ് ടി.വി. അഭിലാഷ് അറിയിച്ചു.
