പാലായിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് റോഷി അഗസ്റ്റിൻ



പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ സ്ഥാനാർഥി ജോസ് കെ. മാണിയെന്ന് പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. പാലാ മണ്ഡലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് വികസനമുന്നേറ്റ യാത്രയുടെ ഭാഗമായി അടിമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു റോഷി അഗസ്റ്റിന്‍റെ ഈ പ്രഖ്യാപനം.

എന്നാൽ ഇക്കാര്യം പാർട്ടി തീരുമാനിക്കുമെന്ന് ജാഥാ ക്യാപ്റ്റൻ കൂടിയായ ജോസ് കെ. മാണിയുടെ പ്രതികരണം. ഇത്തവണ മത്സരിക്കുമോ എന്ന് ജോസ് കെ. മാണിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മറുപടി. അതിന് പിന്നാലെ റോഷി അഗസ്റ്റിൻ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് പറയുകയായിരുന്നു.

പാർട്ടി തീരുമാനിക്കും, ജോസ് കെ. മാണി മത്സരിക്കും. സംശയമെന്താ? ജോസ് കെ. മാണി മത്സരിക്കുന്നതിന് പ്രത്യേകമായിട്ട് ആലോചനയുടെ കാര്യമെന്താ. അതൊക്കെ പാർട്ടിയുടെ തീരുമാനത്തിൽ, സമയത്ത് പുറപ്പെടുവിക്കും. – റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതേസമയം റോഷിയുടെ കൈയിൽ നിന്ന് മൈക്ക് വാങ്ങിയ ജോസ് കെ. മാണി, ആര് മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കും എന്ന് പറയുകയായിരുന്നു.

പാലായുടെ വികസനത്തെച്ചൊല്ലി ജോസ് കെ.മാണിയും മാണി സി.കാപ്പനും തമ്മിൽ വാക്പോര് തുടർന്നുകൊണ്ടിരിക്കുകയാണ്.

മാണി സി. കാപ്പന്റെ പ്രവർത്തനത്തെക്കുറിച്ചും വികസനകാര്യങ്ങളെക്കുറിച്ചും ജോസ് കെ. മാണി കഴിഞ്ഞ ദിവസങ്ങളിൽ വിമർശനമുന്നയിച്ചിരുന്നു. മുന്നണി മാറാനായി ജോസ് കെ. മാണി കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചെന്നും മാണി സി. കാപ്പൻ ആരോപിച്ചിരുന്നു.