പത്മജയുടെ തിരിച്ചുവരവിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ; ‘ഒന്നും കോൺഗ്രസ് മറന്നിട്ടില്ല, മറന്നത് അവരായിരുന്നു’

കോഴിക്കോട്: ബി.ജെ.പി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കണോ വേണ്ടയോ എന്ന് എ.ഐ.സി.സി തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. കോൺഗ്രസ് വിട്ടതിനുപിന്നാലെ ഷാഫിക്കെതിരെ പത്മജ വർഗീയ പരാമർശം നടത്തിയത് വിവാദമായിരുന്നു.
‘ലീഡറുടെ മകൾ എന്ന പരിഗണന കോൺഗ്രസ് എന്നും പത്മജക്ക് നൽകിയിട്ടുണ്ട്. അത് കോൺഗ്രസ് മറന്നിട്ടില്ല. മറന്നത് പത്മജയായിരുന്നു. പാർട്ടി വിട്ടപ്പോൾ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ ശരിയായിരുന്നോ എന്ന് അവർ സ്വയം ആലോചിക്കണം. കെ കരുണാകരന്റെ മകൾ എന്ന ബഹുമാനം പത്മജയോടുണ്ട്. എന്നാൽ, കോൺഗ്രസ് വിട്ടപ്പോൾ പത്മജ പറഞ്ഞതും ചെയ്തതും എല്ലാവരുടെയും മുന്നിലുണ്ട്’ -ഷാഫി പറമ്പിൽ പറഞ്ഞു.
പത്മജയെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല. അവർ തിരിച്ചുവരട്ടെയെന്ന് തനിക്ക് മാത്രമായി പറയാനാകില്ല. എ.ഐ.സി.സി ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ അംഗീകാരവും തീരുമാനവുമില്ലാതെ ആർക്കും ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം നടത്താൻ കഴിയില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
ബി.ജെ.പി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം. പത്മജയുടെ തിരിച്ചുവരവിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ശക്തമായ എതിർപ്പ് നിലനിൽക്കുന്നുണ്ട്. പാർട്ടി വിട്ടുപോയതിൽ പത്മജ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും പുനഃപ്രവേശനത്തിൽ എ.ഐ.സി.സിയുടെ നിലപാട് തേടാനാണ് കെ.പി.സി.സിയുടെ തീരുമാനം.
കോൺഗ്രസ് നേതാക്കളായ കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ്, ജിന്റോ ജോൺ, താര ടോജോ അലക്സ്, അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർ പത്മജയുടെ വരവിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു. ഡിസംബർ 23ന് നടക്കുന്ന കെ. കരുണാകരൻ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്ന പത്മജക്ക്, കെപിസിസി ആസ്ഥാനത്ത് വെച്ച് അംഗത്വം നൽകി പാർട്ടിയിലേക്ക് തിരിച്ചെടുക്കാനാണ് മുതിർന്ന നേതാക്കളുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
‘അങ്ങോട്ടു പോയപ്പോൾ എന്തൊരു അലർച്ചയായിരുന്നു .ഇങ്ങോട്ട് വരുമ്പോൾ അവരെ തള്ളിപ്പറഞ്ഞില്ലെങ്കിലും ഒന്ന് മൂളുകയെങ്കിലും ചെയ്യാമായിരുന്നു. ഇവിടെ ഉള്ളവരുടെ സമാധാനത്തിനെങ്കിലും..’.-എന്നാണ് മഹേഷ് ഫേസ്ബുക്കിൽ കുറിച്ചത്. കോൺഗ്രസിലേക്ക് മടങ്ങാനുള്ള ആഗ്രഹം പത്മജ ആദ്യം അറിയിച്ചത് സഹോദരൻ കെ. മുരളീധരനെയായിരുന്നു. തുടർന്ന് മുരളീധരൻ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. നേതൃത്വത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ബിജെപി വിടാനുള്ള തീരുമാനവും കോൺഗ്രസിലേക്ക് മടങ്ങാനുള്ള താൽപര്യവും പത്മജ പരസ്യമാക്കിയത്.
ബിജെപിയിലേക്ക് പോയപ്പോൾ പത്മജ കെ. കരുണാകരനെ പോലും അപമാനിച്ചെന്നും കുഴിയിലേക്ക് എടുക്കുന്നത് വരെ മറക്കില്ലെന്നുമാണ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പ്രതികരിച്ചത്. പത്മജയെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ് നേതാക്കളും രൂക്ഷമായാണ് വിമർശിച്ചത്. കെ. കരുണാകരൻ ഇന്ന് ജീവിച്ചിരുന്നേൽ അദ്ദേഹം ബിജെപിയിൽ പോയേനെ എന്ന പരാമർശത്തിലും കോൺഗ്രസിൽ ആയിരുന്നപ്പോൾ തനിക്ക് മര്യാദക്ക് ചന്ദന കുറി തൊടാൻ പോലും കഴിയുമായിരുന്നില്ല എന്നും ആ പേടി ബിജെപിയിൽ എത്തിയപ്പോൾ ഇല്ലായെന്ന പരാമർശത്തിലും പത്മജ മാപ്പു പറയണമെന്നാണ് അലോഷ്യസ് ആവശ്യപ്പെട്ടത്.
