കൊച്ചി മെട്രോ രണ്ടാം ഘട്ടം; 1016.24 കോടി വായ്പക്ക് അനുമതി



തി​രു​വ​ന​ന്ത​പു​രം: ജെ.​എ​ൽ.​എ​ൻ സ്റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട് വ​ഴി ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി ഏ​ഷ്യ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്‌​ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ബാ​ങ്കി​ൽ നി​ന്ന് 1016.24 കോ​ടി രൂ​പ വാ​യ്പ​യെ​ടു​ക്കാ​ൻ കൊ​ച്ചി മെ​ട്രോ റെ​യി​ലി​ന് മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ൽ​കി. വാ​യ്പ ക​രാ​റി​ലും പ​ദ്ധ​തി ക​രാ​റി​ലും ഏ​ർ​പ്പെ​ടാ​ൻ കൊ​ച്ചി മെ​ട്രോ റെ​യി​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

മറ്റ് പ്രധാന തീരുമാനങ്ങൾ

കുട്ടനാട് പാക്കേജ്

കുട്ടനാട് പാക്കേജിന്‍റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച കുട്ടനാട് വികസന ഏകോപന കൗൺസിലിന്‍റെ ഘടനയിലും പ്രവർത്തനത്തിലും ഭേദഗതികൾ വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു.

കെ.പി.പി എല്ലിന് 741 കോടിയുടെ വിപുലീകരണ പദ്ധതി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂർ കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എൽ) ആവിഷ്കരിച്ച 741 കോടി രൂപ മുതൽ മുടക്കുള്ള ബൃഹത്തായ തുടർ വികസന പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഉല്‍പാദനശേഷി വർധിപ്പിക്കലും ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2019 ൽ കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയ വെള്ളൂർ എച്ച്.എൻ.എൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം പുതുതായി രൂപീകരിച്ചതാണ് കെ.പി.പി.എൽ.

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ ‘വനിതാ നയം 2026’

സംസ്ഥാനത്തെ പുതിയ വനിതാ നയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. നവകേരളം എന്നത് സ്ത്രീപക്ഷ കേരളമായിരിക്കും എന്ന ലക്ഷ്യത്തോടെ, 2009ലെ വനിതാ നയം കാലാനുസൃതമായി പരിഷ്‌കരിച്ചാണ് വനിതാ നയം 2026 പുറത്തിറക്കിയത്. ആധുനിക കാലഘട്ടത്തിലെ ആവശ്യങ്ങള്‍ക്കനുസൃതമായി സ്ത്രീകളുടെ സുരക്ഷ, തൊഴില്‍ അവകാശങ്ങള്‍, നിയമങ്ങള്‍, ഗോത്രസമൂഹം, തീര ദേശം എന്നിങ്ങനെ പല മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് നയം രൂപീകരിച്ചിരിക്കുന്നത്.

മുതിർന്ന പൗരന്മാരുടെ സംസ്ഥാന നയം; കരട് അംഗീകരിച്ചു

മുതിർന്ന പൗരന്മാരുടെ അന്തസ്സും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന നയം-2026 കരട് അംഗീകരിച്ചു. മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള പരിഷ്കരിച്ച കേരള സംസ്ഥാന നയം മന്ത്രിസഭായോഗം അംഗീകരിച്ചു. സഹകരണ മനോഭാവമുള്ള, ഉത്തരവാദിത്തബോധമുള്ള സർക്കാറിന്റെയും സമൂഹത്തിന്റെയും പിന്തുണയോടെ, ഒരു മുതിർന്ന വ്യക്തിപോലും അവഗണിക്കപ്പെടാത്ത, എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യതയുള്ളതുമായ വയോജനസൗഹൃദ സമൂഹത്തെ വളർത്തിയെടുത്ത് കേരളത്തിലെ മുതിർന്ന പൗരന്മാരുടെ അന്തസ്സും ക്ഷേമവും സജീവ പങ്കാളിത്തവും ഉറപ്പാക്കുക എന്ന കാഴ്ചപ്പാടോടെയാണ് പുതിയ വയോജനനയത്തിന് രൂപം നൽകിയിരിക്കുന്നത്.

മലയോര വികസന എംപവേർഡ് കമ്മിറ്റി രൂപീകരിക്കും

മലയോര വികസന കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കായി മലയോര വികസന എംപവേർഡ് കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി ചെയർപേഴ്സണും കൃഷി വനം വകുപ്പ് മന്ത്രിമാർ വൈസ് ചെയർപേഴ്സൺമാരും ചീഫ് സെക്രട്ടറി കൺവീനറുമാകും.

പി.പി.പി മാതൃകയിൽ വികസിപ്പിക്കും

കേരള മാരിടൈം ബോർഡിനു കീഴിലുള്ള കൊല്ലം, ബേപ്പൂർ എന്നീ തുറമുഖങ്ങൾ പി.പി.പി മാതൃകയിൽ വികസിപ്പിക്കുന്നതിന് കേരള മാരിടൈം ബോർഡിന് അനുമതി നൽകി. വിഴിഞ്ഞം അഴീക്കൽ തുറമുഖങ്ങളെ ഒഴിവാക്കി കൊല്ലം ബേപ്പൂർ തുറമുഖങ്ങൾക്ക് ഫീസിബിലിറ്റ് സ്റ്റഡി നടത്തും. കൊല്ലം ബേപ്പൂർ തുറമുഖങ്ങൾ സംബന്ധിച്ച് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി ഓരോ തുറമുഖത്തിനും പറ്റിയ മാതൃത ഉണ്ടാക്കും.

പ്രത്യേക കോടതികൾ

തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എൻഡിപിഎസ് കേസുകളുടെ വിചാരണക്കായി നാല് പുതിയ തസ്തികകൾ സൃഷ്ടിച്ച് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിന് അനുമതി നൽകി.

ഹയർഗേഡുകൾ

കേരള ഫീഡ്സ് ലിമിറ്റഡ് കമ്പനിയിൽ വർക്ക്മെൻ വിഭാഗം ജീവനക്കാർക്ക് മുന്ന് പുതിയ ഹയർഗേഡുകൾ കുടി നൽകും.

സർക്കാർ ഗ്യാരന്‍റി

കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന് നാഷണൽ ദിവ്യാംഗ്‌ജൻ ഫിനാൻസ് ഡെവലപ്മെന്റ് കോർപറേഷനിൽ നിന്ന് വായ്പ ലഭ്യമാകുന്നതിന് 50 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്‍റി എട്ട് വർഷത്തേക്ക് അനുവദിച്ചു.

ഭൂമി കൈമാറ്റം

വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയുടെ ഡയറി സയൻസ് കോളജിന് കെട്ടിടം നിർമിക്കുന്നതിനും ക്ഷിര വികസന വകുപ്പിന് പുൽകൃഷി നടത്തുന്നതിനുമായി കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് വില്ലേജിലെ 6.4749 ഹെക്ടർ (16 ഏക്കർ) ഭൂമി ക്ഷിര വികസന വകുപ്പിന് നിബന്ധനകളോടെ കൈമാറും.

ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം

തിരുവനന്തപുരം കാച്ചാണി ഹൈസ്കൂൾ ജങ്ഷനിൽ നിന്നിരുന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് മരണപ്പെട്ട നിഷ എസ് ശർമ്മയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു.

കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്ന അടിമാലി സ്വദേശി സന്ധ്യമോൾ ബിജുവിന് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു.