24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: ലേബർ കോഡുകളടക്കം കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. പത്രം, പാൽ, ആശുപത്രി, മെഡിക്കൽ സ്റ്റോർ, ഫയർഫോഴ്സ്, ആംബുലൻസ് തുടങ്ങിയ അവശ്യ സർവിസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പണിമുടക്കിന് സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്തവർക്ക് വ്യാഴാഴ്ചത്തെ ശമ്പളം നൽകില്ല.
പണിമുടക്കിനെ അനുകൂലിച്ച് ഭൂരിഭാഗം ടാക്സികളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങില്ല. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) പണിമുടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി ബസ് സർവിസിനെ ബാധിക്കും. സ്വകാര്യ ബസുകളും നിരത്തിലിറങ്ങില്ല. അതേസമയം, ക്ഷേത്രോത്സവങ്ങള്‍, മരാമണ്‍ കണ്വന്ഷന്, ശബരിമല ദര്‍ശനം തുടങ്ങിയവക്ക് തടസ്സമുണ്ടായില്ല. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ ബലം പ്രയോഗിച്ചു തടയില്ല.
10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി സംഘടനകളും സംയുക്തമായാണ് പണിമുടക്കുന്നത്. എങ്കിലും കേരളത്തിൽ ഐ.എൻ.ടി.യു.സി പ്രത്യേകമായാണ് പണിമുടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് യോജിച്ചുള്ള പ്രക്ഷോഭം ഒഴിവാക്കിയത്.
പരീക്ഷകൾ മാറ്റി
- തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഫെബ്രുവരി 12ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി.
- കോട്ടയം: എം.ജി സർവകലാശാല വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
- തിരുവനന്തപുരം: പി.എസ്.സി വ്യാഴാഴ്ച നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21ലേക്ക് മാറ്റി. വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ളതാണ് പരീക്ഷ. സമയത്തിൽ മാറ്റമില്ല.
