മൂലമറ്റം വൈദ്യുതി നിലയത്തിന് 50


മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം

മൂലമറ്റം: ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയത്തിന് വ്യാഴാഴ്ച അമ്പതാണ്ട് തികയുന്നു. ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് പാറക്കുള്ളിൽ തുരന്നെടുത്ത ഏഴ് നിലകളുള്ള അത്യാധുനിക സൗധമാണ് മൂലമറ്റം വൈദ്യുതി നിലയം. 1976 ഫെബ്രുവരി 12നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി രാജ്യത്തിന് സമർപ്പിച്ചത്. ഇടുക്കി പദ്ധതിയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് മൂലമറ്റത്തെ പവർ ഹൗസിലാണ്. കുതിരലാടത്തിന്റെ ആകൃതിയിലാണ് നിലയം പണിതിരിക്കുന്നത്. പ്രവേശന കവാടത്തിൽ നിന്നും 650 മീറ്റർ സഞ്ചരിച്ചാൽ നിലയത്തിനകത്തെത്താം. ഇവിടെയാണ് ഏഴ് നിലകളിലായി കൂറ്റൻ കെട്ടിത്തിന് സമാനമായ നിലയം.

110 കോടി രൂപയാണ് ഒന്നാം ഘട്ടത്തിന്റെ മുതൽമുടക്ക്. 1966ൽ ഇടുക്കിക്ക് കൊളംബോ പദ്ധതിപ്രകാരം സഹായ വാഗ്ദാനം നൽകി. നിലയം നിർമിക്കുന്നതിനുള്ള തുക കാനേഡിയൻ സർക്കാർ ദീർഘകാല വായ്പയായി നൽകിയിരുന്നു. 1967ൽ ഇന്ത്യയും കാനഡയും ഇതുസംബന്ധിച്ച് കരാർ ഒപ്പുവച്ചു. 1969 ഏപ്രിൽ 30നാണ് ഇടുക്കി അണക്കെട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ നി​ർ​മാ​ണ ഘ​ട്ടം (തൊ​ടു​പു​ഴ​യി​ലെ എം.​ജെ ഫി​ലി​പ്പ് പ​ക​ർ​ത്തി​യ ചി​ത്രം)

എസ്.എൻ.സി ലവ്‌ലിൻ ആണ് പദ്ധതിയുടെ കൺസൾട്ടന്റ്. നിർമാണം പൂർത്തിയാക്കിയ ഡാമിൽ 1973 ഫെബ്രുവരിയിൽ ജലം സംഭരിക്കാൻ തുടങ്ങി. ആദ്യട്രയൽ റൺ 1975 ഒക്ടോബർ 4 ന് മൂലമറ്റത്ത് നിന്ന് ആദ്യമായി വൈദ്യുതി പുറത്തേക്കൊഴുകി പവർ ഹൗസിന്‍റെ ട്രയൽ റൺ ആരംഭിച്ചു. നിലവിലെ നിലയത്തിലെ പുറമെ മൂലമറ്റത്ത് മറ്റൊരു ജലവൈദ്യുത നിലയം കൂടി യാഥാർഥ്യമാക്കുന്നതിനുള്ള പഠനങ്ങൾ നടന്നുവരുന്നു. 200 മെഗാവാട്ട് ശേഷിയുള്ള നാല് ജനറേറ്ററുകൾ സ്ഥാപിച്ച് 800 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം.