നവകിരണം പദ്ധതി; വനം വകുപ്പിന് ഭൂമി കൈമാറിയ 60 കുടുംബങ്ങൾ പെരുവഴിയിൽ

നിലമ്പൂർ: ‘നവകിരണം’പദ്ധതിയില്‍ വനം വുകുപ്പിന് ഭൂമി കൈമാറിയ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. പകരം ഭൂമി വാങ്ങാനോ, മറ്റിടങ്ങളിൽ താമസം ഒരുക്കാനോ കഴിയാതെ നൂറോളം കുടുംബങ്ങൾ പെരുവഴിയിലാണ്. വനമേഖലയോട് ചേര്‍ന്ന സ്വകാര്യ ഭൂമി നഷ്ടപരിഹാരം നല്‍കി വനം വകുപ്പ് ഏറ്റെടുക്കുന്ന ‘നവകിരണം’പദ്ധതിയില്‍ ചാലിയാര്‍ പൊക്കോട് മേഖലയില്‍ നിരവധി കുടുബങ്ങളാണ് ഭൂമി നല്‍കാന്‍ സന്നദ്ധ അറിയിച്ച് വനം വകുപ്പുമായി കരാര്‍ വെച്ചത്. എന്നാല്‍ ഭൂമി നല്‍കാന്‍ കരാര്‍ വെച്ച അറുപതോളം കുടബംങ്ങള്‍ നാല് വര്‍ഷത്തോളമായി നഷ്ടപരിഹാരം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.

ഭൂമി വില്‍പ്പന നടത്താനോ, പണയം തുടങ്ങിയ മറ്റു ക്രയവിക്രയങ്ങള്‍ നടത്താനോ സാധിക്കാതെ പ്രയാസപ്പെടുകയാണ് ഇവർ. വനം വകുപ്പ് പ്രഖ്യാപിച്ച തുക നല്‍കി ഭൂമി ഏറ്റെടുത്ത് ഞങ്ങള്‍ക്ക് ജീവിക്കാന്‍ സാഹചര്യം ഒരുക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ‍്യം. പദ്ധതി പ്രകാരം വനം വകുപ്പിന് വിട്ടുകൊടുത്ത ഭൂമി കാട് കയറി നശിക്കുകയാണ്.

അടുത്തകാലത്തായി ഇവിടെങ്ങളിൽ കാട്ടാന ഉൾപ്പടെയുള്ള വന്യജീവി ശല്യം രൂക്ഷമാണ്. ഗതാഗത യോഗ്യമായ റോഡില്ല. മഴക്കാലത്ത് ഈ പ്രദേശം ഒറ്റപ്പെടുകയാണ്. ഓട്ടോ, ടാക്‌സികള്‍ ഇവിടേക്ക് വരില്ല. റോഡുകളുടെ തകർച്ച മൂലം സ്വന്തം വാഹനങ്ങളില്‍പോലും യാത്ര സാധ്യമാവില്ല. അടിയന്തര ഘട്ടത്തില്‍ ആശുപത്രികളിലെത്താന്‍ പോലും പ്രദേശവാസികള്‍ ബുദ്ധിമുട്ടുകയാണ്.

ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിനാല്‍ വില്‍പ്പന നടത്താന്‍ കഴിയില്ല. പുറത്ത് സ്ഥലം വാങ്ങാനും ഈ കുടുംബങ്ങള്‍ക്ക് നിവൃത്തിയില്ല. ഭൂമി നല്‍കുന്ന കുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗം ഒരു യൂനിറ്റായി പരിഗണിച്ച് ഒരു യൂനിറ്റിന് 15 ലക്ഷം രൂപ തോതിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നത്. മേഖലയിലെ കുറച്ച് കുടുംബങ്ങള്‍ക്ക് പണം ലഭിച്ചു.

എന്നാല്‍ 60 കുടുംബങ്ങള്‍ ഇപ്പോഴും പണം ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ്. വനം, റവന‍്യൂ ഉദ്യോഗസ്ഥരെ നിരവധി തവണ സമീപിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല.

ഉടന്‍ നപടിയുണ്ടാകുമെന്ന മറുപടി മാത്രമാണ് അധികൃതര്‍ നല്‍കുന്നത്. 2019 നവംബര്‍ 14വരെ ഭൂമി കൈവശമുണ്ടായിരുന്നവരുടെ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച പണം നല്‍കി പുനരധിവസിപ്പിക്കണെന്നാണ് ഈ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രഖ്യാപനത്തിന് മുമ്പ് ഭൂമി ഏറ്റെടുക്കല്‍ നടപടിയും പണം കൈമാറ്റവും പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോപത്തിന് തയ്യാറെടുക്കുകയാണ് പെരുവഴിയിലായ കുടുംബങ്ങള്‍. വാര്‍ത്തസമ്മേളനത്തില്‍ വിനോദ് കുമാര്‍ തേക്കുംകാട്ടില്‍, റൈഹാനത്ത് കണ്ണിയില്‍, ലീല ചേരിയില്‍, ബാലന്‍ പള്ളിയാളിത്തൊടി, ഷൈലജ പൊറ്റയില്‍, ഭാസ്‌കരന്‍ കുണ്ടറക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.