‘മുഖ്യമന്ത്രി എന്നോട് മാറി നില്ക്കാൻ പറഞ്ഞിട്ടില്ല, സെല്‍ഫി എടുക്കാൻ പോയതല്ല…’ -ആതിര ഗ്രേസ്
തിരുവനന്തപുരം: സെൽഫി എടുക്കാൻ പോയപ്പോൾ മുഖ്യമന്ത്രി അവഗണിച്ച് കടന്നുപോയെന്ന വാർത്തകളോട് പ്രതികരിച്ച് തിരുവനന്തപുരം അമ്പൂരി ജില്ല പഞ്ചായത്തംഗമായ ആതിര ഗ്രേസ്. സെല്‍ഫി എടുക്കാൻ പോയതല്ല. മൊബൈലിലുള്ള നിവേദനം കാണിക്കാനാണ് ശ്രമിച്ചത്. എന്നോട് മാറി നില്‍ക്കാനും പറഞ്ഞിട്ടില്ല. എനിക്കല്ല, കാണുന്നവര്‍ക്കാണ് ബുദ്ധിമുട്ടുണ്ടായത് -വെള്ളറട ഡിവിഷനില്‍ നിന്നുള്ള സി.പി.എം അംഗം ആതിര ഗ്രേസ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. മുമ്പും മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും ആതിര ഗ്രേസ് പറഞ്ഞു.
അമ്പൂരിയിലെ ഗോത്രവര്‍ഗ ജനതയുടെയും മലയോര നിവാസികളുടെയും പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കുമ്പിച്ചല്‍കടവ് പാലം ബുധനാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചിരുന്നു. ശേഷം അമ്പൂരി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തിനിടെയാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഒറ്റപ്പെട്ടുപോയിരുന്ന 11 ഗ്രോത്രവര്‍ഗ ഊരുകൾക്ക് ഏറെ സഹായകരമാകുന്നതാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കുമ്പിച്ചല്‍കടവ് പാലം. കിഫ്ബിയില്‍ നിന്ന് 19 കോടിയിലധികം രൂപ ചെലവാക്കിയായിരുന്നു നിർമാണം. പാലം മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലക്കും വലിയ ഉണര്‍വ് നല്‍കുമെന്നാണ് കരുതുന്നത്.
