പൊന്നാനിയിൽ വീണ്ടും തെരുവുനായ് ആക്രമണം

പൊന്നാനി: പൊന്നാനിയിൽ വീണ്ടും തെരുവുനായ് ആക്രമണം. പൊന്നാനി കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചുങ്കത്ത് ഷാഫിയുടെ ഭാര്യ റജീന വളർത്തിയിരുന്ന കോഴികളെയാണ് വെള്ളിയാഴ്ച അർധരാത്രി കൂട്ടമായെത്തിയ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. 20 ഓളം കോഴികുഞ്ഞുങ്ങളടക്കം 45 കോഴികളെയാണ് നഷ്ടപ്പെട്ടത്.
വീട്ടമ്മയായ റജീന കോഴിക്കുഞ്ഞുങ്ങളെ വിൽപന നടത്തി ഉപജീവനം നടത്തുകയായിരുന്നു. പലരും മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന കോഴികളെയാണ് ഇപ്പോൾ നഷ്ടപ്പെട്ടത്.
ദിവസങ്ങൾക്ക് മുമ്പാണ് പൊന്നാനിയിൽ പേവിഷ ബാധിച്ച നായ്ക്കളുടെ ആക്രമണത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റത്. തുടർന്ന് തെരുവുനായ് വന്ധ്യംകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന നഗരസഭയുടെ പ്രഖ്യാപനത്തിനിടെയാണ് വീണ്ടും തെരുവുനായ്ക്കളുടെ
അക്രമമുണ്ടായത്.
