മലപ്പുറത്തിന് മൂന്നു കൊമ്പ്! സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തി (3-0) തേരോട്ടം

മഞ്ചേരി: മലപ്പുറത്തിന്റെ മണ്ണിൽ കൊമ്പന്മാരെ മയക്കുവെടി വെച്ച് വീഴ്ത്തി ആതിഥേയരുടെ തേരോട്ടം. സൂപ്പർ ലീഗ് കേരളയിൽ നേരത്തെ സെമി ഉറപ്പിച്ച മലപ്പുറം എഫ്.സി തിരുവനന്തപുരം കൊമ്പൻസ് എഫ്.സി യെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ രണ്ട് മിനിറ്റിനിടെ രണ്ട് ഗോളടിച്ചാണ് മലപ്പുറം സ്വന്തം മൈതാനത്ത് വിജയക്കൊടി പാറിച്ചത്. മലപ്പുറത്തിനായി സി.കെ. റാഷിദ് (11), പൗളോ വിക്ടർ (66), ജോൺ കെന്നഡി (68) എന്നിവർ ഗോൾ നേടി. ഒമ്പത് മത്സരങ്ങളിൽ നിന്ന് 17 പോയന്റുമായി മലപ്പുറം ലീഗിൽ രണ്ടാം സ്ഥാനം അരക്കെട്ടുറപ്പിച്ചു. കൊമ്പൻസിന് സെമി പ്രതീക്ഷ നിലനിർത്താൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും. തലസ്ഥാനത്ത് ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ പെനാൽറ്റിയിലേറ്റ പരാജയത്തിന് പകരം വീട്ടാനും മലപ്പുറത്തിനായി.

അഞ്ചാം മിനിറ്റിൽ തിരുവനന്തപുരത്തിന് അനുകൂലമായി ആദ്യ കോർണർ ലഭിച്ചെങ്കിലും ഗോൾ അവസരം തുറക്കാനായില്ല. ഏഴാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്നും ഹാദ് സിച്ചിന്റെ ഷോട്ട് കൊമ്പൻസ് ഗോൾ കീപ്പർ സത്യജിത്ത് കൈപ്പിടിയിലൊതുക്കി. ഇതിനിടെ ഘാന താരം അബ്ദുൽ സമദ് പരിക്കേറ്റ് കളം വിട്ടത് മലപ്പുറത്തിന് തിരിച്ചടിയായി. പകരക്കാരനായി ഗ്രേസ് അഡിയോ എത്തി. 11ാം മിനിറ്റിൽ മലപ്പുറം ആദ്യവെടി പൊട്ടിച്ചു. ഇടതു വിങ്ങിൽ നിന്ന് മുഹമ്മദ് സാലിം നൽകിയ ക്രോസ് കൊമ്പൻസ് പ്രതിരോധം ക്ലിയർ ചെയ്തെങ്കിലും സെക്കൻഡ് ബാൾ ലഭിച്ച റാഷിദിന്റെ നിലം പറ്റെയുള്ള ഷോട്ട് കീപ്പറെ മറികടന്ന് വലയിലെത്തി. 18-ാം മിനിറ്റിൽ തിരുവനന്തപുരത്തിന്റെ സമനില ഗോൾ കണ്ടെത്താനുള്ള ശ്രമം മലപ്പുറം കീപ്പർ മുഹമ്മദ് അർബാസ് തട്ടിയകറ്റി. 37-ാം മിനിറ്റിൽ മുഹമ്മദ് സാലിമിന്റെ ക്രോസിന് ഹാദ്സിച്ച് ഹെഡ് ചെയ്തു പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നു.

രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ പോർചുഗൽ താരം കൊമ്പൻസിന്റെ ജാവോ പെരഡസ് മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നും പന്തുമായി കുതിച്ചെങ്കിലും കീപ്പർ അർബാസ് രക്ഷപ്പെടുത്തി. 66ാം മിനിറ്റിൽ ഗാലറിയെ ഇളക്കി മറിച്ച് മലപ്പും വീണ്ടും മുന്നിലെത്തി. ഗ്രേസ് അഡിയോയുടെ ത്രൂ പാസ് സ്വീകരിച്ച പൗളോ വിക്ടർ ഗോൾ കീപ്പറെയും മറികടന്ന് അനായാസം പന്ത് വലയിലാക്കി. 68ാം മിനിറ്റിൽ കെന്നഡിയും കൊമ്പൻസിന്റെ കൊമ്പൊടിച്ചു. എൽഫോഴ്സി നൽകിയ പന്ത് കെന്നഡി വലയിലെത്തിച്ചു. നവംബർ 25ന് കണ്ണൂർ വാരിയേഴ്സുമായാണ് മലപ്പുറത്തിന്റെ ലീഗിലെ അവസാന മത്സരം.