എം.വി. ഗോവിന്ദന് പെൻഷൻ തുക നൽകിയതിന് പിന്നിൽ നേതാക്കളുടെ തിരക്കഥ; പണം തിരികെ നൽകുമെന്ന് പറഞ്ഞെന്ന് വയോധികൻ
ബാലുശ്ശേരി: ബാലുശ്ശേരിയിൽ വയോധികൻ തന്‍റെ പെൻഷൻ തുക സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കൈമാറിയതിന് പിന്നിൽ നേതാക്കളുടെ തിരക്കഥ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയിലാണ് സംഭവം. പണം കൈമാറണമെന്ന് നേതാക്കൾ പറഞ്ഞതായി ബാലുശ്ശേരി സ്വദേശി മൊയ്തീൻ പറഞ്ഞു. ഗോവിന്ദന് നൽകിയാൽ പണം തിരികെ തനിക്ക് തന്നെ നൽകുമെന്ന് നേതാക്കൾ പറഞ്ഞതായും അദ്ദേഹം പറയുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വികസന മുന്നേറ്റ ജാഥ ബാലുശ്ശേരിയിൽ എത്തിയത്. മൊയ്തീൻ തന്‍റെ കൈയിൽ നിന്ന് 2000 രൂപ എം.വി ഗോവിന്ദന് നൽകി. പെൻഷൻ കിട്ടിയ പൈസയാണെന്നും അടുത്ത തവണയും എൽ.ഡി.എഫ് തന്നെ വരണമെന്നും യു.ഡി.എഫ് വന്നാൽ ഇത് കിട്ടില്ലെന്നും മൊയ്തീൻ പറയുന്നുണ്ട്. ഗോവിന്ദൻ പണം വാങ്ങിയ ശേഷം മൊയ്തീന്‍റെ പോക്കറ്റിൽ തന്നെ ഇട്ടുകൊടുത്തു. ‘മാഷ് പണം വാങ്ങിയതായി കൂട്ടിക്കോ’ എന്ന് വേദിയിലെ മറ്റ് നേതാക്കൾ പറയുന്നുണ്ട്. മനസറിഞ്ഞ് കൊടുത്തതല്ലെന്നും അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്.
ഭരണനേട്ടമെന്ന നിലയിൽ മൊയ്തീൻ പണം നൽകുന്ന വിഡിയോ സി.പി.എമ്മിന്‍റെ സൈബർ ഇടങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. മൊയ്തീൻ സംസാരിക്കുന്ന രണ്ടാമത്തെ വിഡിയോ കോൺഗ്രസ് ഹാൻഡിലുകൾ പങ്കുവെക്കുന്നുണ്ട്. കണ്ണൂരിലെ മമ്പറത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ അഭിവാദ്യം അര്‍പ്പിച്ച വിഡിയോയും ഇതുപോലെ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ അതിഥി തൊഴിലാളികളെ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
