27,222 കോടി നിക്ഷേപം; 8,67,017 തൊഴിൽ
കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കിയ ‘സംരംഭക വർഷം’ പദ്ധതിയിൽ കേരളത്തിൽ നാലു ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾ തുടങ്ങിയതായി വ്യവസായ മന്ത്രി പി. രാജീവ്. സംരംഭക വർഷം (ഇയർ ഓഫ് എന്റർപ്രൈസസ്) പദ്ധതിയുടെ വിജയാഘോഷത്തിന് ശേഷം കളമശ്ശേരിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022 ഏപ്രിൽ ഒന്നു മുതൽ 2026 ഫെബ്രുവരി 20 വരെ 4,06,976 പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ 27,222 കോടി രൂപയുടെ നിക്ഷേപവും 8,67,017 പേർക്ക് തൊഴിലും ലഭിച്ചെന്നും മന്ത്രി വ്യക്തമാക്കി. സംരംഭങ്ങളിൽ 1,28,852 എണ്ണം വനിതകളുടേതാണ്. വ്യാപാര മേഖലയിൽ 1.78 ലക്ഷം, സേവന മേഖലയിൽ 1.74 ലക്ഷം, ഉത്പാദന മേഖലയിൽ 54,895 യൂനിറ്റുകൾ വീതമാണ് പ്രവർത്തനമാരംഭിച്ചത്.
എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ് സംരംഭങ്ങളുടെ എണ്ണത്തിൽ മുന്നിൽ. തെരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവുള്ള കമ്പനികളായി വളർത്തുന്ന ‘മിഷൻ 1000’ പദ്ധതിയും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 544 സംരംഭങ്ങൾ ഈ പദ്ധതിയിലേക്ക് യോഗ്യത നേടിയതായും മന്ത്രി പറഞ്ഞു.
