ജില്ല സ്കൂൾ കായിക മേള: പയ്യന്നൂർ മുന്നിൽ

തലശ്ശേരി: ജില്ല സ്കൂൾ കായിക മേളയില്‍ ആദ്യദിനം ഒന്നാമതായിരുന്ന തലശ്ശേരി നോര്‍ത്തിനെ പിന്നിലാക്കി രണ്ടാം ദിനം പയ്യന്നൂരിന്റെ മുന്നേറ്റം. വെള്ളിയാഴ്ച തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ കളിയാരവങ്ങളിൽ വീറും വാശിയോടെ 71 ഇനങ്ങൾ പിന്നിട്ടപ്പോൾ എട്ടുസ്വര്‍ണവും എട്ടുവെള്ളിയും അഞ്ചുവെങ്കലവുമായി 73 പോയിന്റ് നേടിയാണ് പയ്യന്നൂർ ഒന്നാമതെത്തിയത്. തലശ്ശേരി നോര്‍ത്താണ് രണ്ടാമത്.
എട്ടുസ്വര്‍ണവും ആറുവെള്ളിയും അഞ്ചുവെങ്കലവുമായി തലശ്ശേരിക്ക് 69 പോയിന്റാണുള്ളത്. മൂന്നുസ്വര്‍ണവും എട്ടുവെളളിയും 12 വെങ്കലവുമായി 59 പോയിന്റ് നേടി മട്ടന്നൂര്‍ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. 52 പോയിന്റുമായി ഇരിക്കൂർ ഉപജില്ലയും 50 പോയിന്റുമായി ഇരിട്ടി ഉപജില്ലയും 48 പോയിന്റുമായി മാടായി ഉപജില്ലയുമാണ് പിന്നാലെയുള്ളത്. സ്കൂള്‍ തലത്തില്‍ 30 പോയിന്റ് നേടി മമ്പറം എച്ച്.എസ്.എസ് (തലശ്ശേരി നോർത്ത്) ഒന്നാം സ്ഥാനത്താണ്. നാലുസ്വർണം, രണ്ടുവെള്ളി, നാലുവെങ്കലം എന്നിങ്ങനെ സ്വന്തമാക്കി. മൂന്നുവീതം സ്വർണവും വെള്ളിയും വെങ്കലവുമായി 27 പോയിന്റ് നേടി പ്രാപ്പൊയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (പയ്യന്നൂർ നോർത്ത്) രണ്ടാം സ്ഥാനത്തും നാലുവീതം സ്വർണവും വെങ്കലവുമായി 24 പോയിന്റോടെ നിർമലഗിരി റാണിജയ് ഹൈസ്കൂൾ (കുത്തുപറമ്പ് നോർത്ത്) മൂന്നാം സ്ഥാനത്തുമുണ്ട്. ജൂനിയർ-സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മൂന്ന്, അഞ്ച് കിലോമീറ്റർ നടത്തം, പോൾ വാൾട്ട്, ഹാമർ ത്രോ, ട്രിപ്പിൾ ജംപ്, 100, 600, 800 മീറ്റര്‍ ഓട്ടം എന്നിവയാണ് വെളളിയാഴ്ച നടന്നത്. മത്സരങ്ങൾ ശനിയാഴ്ച വൈകീട്ട് സമാപിക്കും. സമാപന സമ്മേളനം വൈകീട്ട് മൂന്നരക്ക് തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി ട്രോഫികൾ വിതരണം ചെയ്യും.
