പൊലീസ് ഡ്രൈവറായിരിക്കെ കഞ്ചാവ് കടത്തിയ പ്രതി, എം.ഡി.എം.എയുമായി വീണ്ടും പിടിയിൽ

കൊല്ലം: കേരള പൊലീസിൽ ഡ്രൈവറായി ജോലി ചെയ്യു​മ്പോൾ കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടയാൾ വീണ്ടും മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കർ ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 2.186 ഗ്രാം എം.ഡി.എം.എയും 21 ഗ്രാം കഞ്ചാവും കൊല്ലം എക്സൈസ് സ്ക്വാഡ് പിടികൂടി.

കൊല്ലം എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ സാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജോലിയിൽ നിന്ന് പുറത്തായ ശേഷവും ഇയാൾ പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വരികയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

അടുത്ത കാലത്തായി സ്വന്തം നാട്ടിൽ തന്നെ കേന്ദ്രീകരിച്ച് വ്യാപാരം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2024ൽ പുനലൂർ കുരിയോട്ടു മലയിൽ നിന്നു 30 കിലോ കഞ്ചാവ് വാഹനത്തിൽ കടത്തിയ കേസിലാണ് ബക്കർ നേര​ത്തെ പ്രതിയായിരുന്നത്. പുനലൂർ പൊലീസ് അന്ന് അഹ്മദാബാദിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ആറുപേരെയാണ് ആദ്യം പിടികൂടിയത്.

ഒളിവിലായിരുന്ന ബക്കറി​നെ മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കണ്ടെത്തിയത്. രാജസ്ഥാനിലും പഞ്ചാബിലും പോയശേഷം ഗുജറാത്തിലെ അഹ്മദാബാദിലെ മരോദ് എന്ന സ്ഥലത്ത് ആശ്രമത്തിൽ കഴിഞ്ഞു വരികയായിരുന്നു പ്രതി. അവിടെയെത്തി പപ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വിജയവാഡയിൽ നിന്നും 50 കിലോ കഞ്ചാവ് കൊണ്ടുവരവേ ഓച്ചിറയിൽ വച്ച് പൊലീസിനെ വെട്ടിച്ച് കടന്ന് പത്തനാപുരം പാടം എന്ന സ്ഥലത്ത് റബർ തോട്ടത്തിൽ എത്തിച്ച ശേഷം ചില്ലറ വിൽപന നടത്തി ബാക്കിയുള്ള 30 കിലോ കഞ്ചാവാണ് കുരിയോട്ടുമലയിൽ സൂക്ഷിച്ചിരുന്നത്.