എതിർപ്പുകൾ തള്ളി; ശ്യാമള തന്നെ തളിപ്പറമ്പിൽ സ്ഥാനാർഥിയാകും
കണ്ണൂർ: പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നും കടുത്ത വിമർശനം ഉയർന്നിട്ടും സൈബർ പോരാളികളടക്കം പരസ്യമായി രംഗത്തെത്തിയിട്ടും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ ഉറച്ച നിലപാടുമായി സി.പി.എം. തളിപ്പറമ്പിൽ ശ്യാമളയെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം.
എം.വി. ഗോവിന്ദനാണ് നിലവിൽ തളിപ്പറമ്പ് എം.എൽ.എ. പാർട്ടിയുടെ ഉറച്ച സീറ്റായ ഇവിടെ അദ്ദേഹത്തിന്റെ ഭാര്യയെ നിർത്താനുള്ള കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് യോഗ തീരുമാനം വ്യാപകവിമർശനത്തിനാണ് ഇടയാക്കിയത്. സമൂഹമാധ്യമങ്ങളിലടക്കം അണികളും അനുഭാവികളും തുറന്നടിച്ചിരുന്നു. ‘ഞാനും അപ്പനും സുഭദ്രാമ്മയും തീരുമാനിക്കും; മക്കത്തായം, മരുമക്കത്തായം, ഭാര്യത്തായം..’ എന്നടക്കമുള്ള പരിഹാസവും സെൽഫ് ഗോൾ ആരോപണവും ഉയർന്നിരുന്നു. ഇതേതുടർന്ന് ഇവരെ മാറ്റി പകരം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ സ്ഥാനാർഥിയാകുമെന്നും അഭ്യൂഹം ഉയർന്നിരുന്നു.
ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൻ കൂടിയാണ് പി.കെ. ശ്യാമള. ഇവർ ചെയർപേഴ്സനായിരിക്കേയാണ് ആന്തൂരിലെ കൺവെൻഷൻ സെന്ററിന് കെട്ടിട ലൈസൻസ് കൊടുക്കാത്തതിനെ തുടർന്ന് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത്. ഇതിൽ ആരോപണവിധേയയായ ശ്യാമള പാർട്ടിയിലും പുറത്തും ഏറെ ഒറ്റപ്പെട്ടിരുന്നു. ശ്യാമളക്കെതിരെ കടുത്ത നിലപാടാണ് അന്ന് പല മുതിർന്ന അംഗങ്ങളും കൈക്കൊണ്ടത്. സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയും ശ്യാമളക്കെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു.
