ടി20 ലോകകപ്പ് 2026: പ്ലെയർ ഓഫ് ദി ടൂർണമെന്റ് സാധ്യതാപ്പട്ടികയിൽ സഞ്ജു സാംസൺ

ദുബൈ: 2026 ട്വന്റി20 ലോകകപ്പിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരത്തിനുള്ള എട്ടംഗ സാധ്യതാപ്പട്ടിക രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പുറത്തുവിട്ടു. പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ താരം വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണാണ്. വിൽ ജാക്സ്, സാഹിബ്സാദ ഫർഹാൻ തുടങ്ങിയവരും പട്ടികയിലുണ്ട്. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഏഴ് റൺസിന്റെ ആവേശജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. 253 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പ്രതിരോധിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.

വിൽ ജാക്സ്, സാഹിബ്സാദ ഫർഹാൻ, ലുങ്കി എൻഗിഡി, എയ്ഡൻ മാർക്രം, രചിൻ രവീന്ദ്ര, ഷാഡ്‌ലി വാൻ ഷാൽക്വിക്, ടിം സെയ്ഫർട്ട്, സഞ്ജു സാംസൺ എന്നിവരാണ് പുരസ്കാരത്തിനായി മത്സരിക്കുന്ന എട്ടുപേർ. ഓൾറൗണ്ടർ മികവിലൂടെ തിളങ്ങിയ വിൽ ജാക്സ് ആണ് പുരസ്കാര സാധ്യതയിൽ മുൻപന്തിയിലുള്ളത്. ടൂർണമെന്റിൽ നാല് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരം, 176.56 സ്ട്രൈക്ക് റേറ്റിൽ 226 റൺസ് നേടി. ബോളിങ്ങിൽ ഒമ്പത് വിക്കറ്റുകളും വീഴ്ത്തി (ശ്രീലങ്കയ്ക്കെതിരെ 3/22, ന്യൂസീലൻഡിനെതിരെ 2/23). പട്ടികയിലുള്ള ഏക ഇന്ത്യൻ താരമായ സഞ്ജു സാംസൺ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 201.7 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 232 റൺസാണ് അടിച്ചുകൂട്ടിയത്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു, ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ 42 പന്തിൽ 89 റൺസെടുത്ത് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയിൽ നിന്നും ന്യൂസീലൻഡിൽ നിന്നും ഒന്നിലധികം താരങ്ങൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എട്ട് മത്സരങ്ങളിൽ നിന്ന് 286 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ടൂർണമെന്റിലെ റൺവേട്ടക്കാരിൽ നാലാമതാണ്. ദക്ഷിണാഫ്രിക്കയെ സെമിഫൈനൽ വരെ അപരാജിതരായി നയിക്കുന്നതിൽ മാർക്രം നിർണായക പങ്കുവഹിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് 7.19 എക്കോണമിയിൽ 12 വിക്കറ്റുകൾ വീഴ്ത്തിയ ലുങ്കി എൻഗിഡിയാണ് പട്ടികയിലുള്ള മറ്റൊരു പ്രോട്ടീസ് താരം. ടൂർണമെന്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരനായ സാഹിബ്സാദ ഫർഹാനും വിക്കറ്റ് വേട്ടക്കാരനായ ഷാഡ്‌ലി വാൻ ഷാൽക്വിക്കും പട്ടികയിലുണ്ട്. കിവീസിനെ ഫൈനലിലെത്തിക്കുന്നതിൽ മികച്ച പ്രകടനം പുറത്തെടുത്ത ടിം സെയ്ഫർട്ടും രചിൻ രവീന്ദ്രയുമാണ് ന്യൂസീലൻഡ് നിരയിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ടത്.

ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ സാധ്യതാപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമായി. 2026 ലോകകപ്പിൽ ഏറ്റവും മികച്ച എക്കോണമി റേറ്റ് ബുംറയ്ക്കാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് 6.62 എക്കോണമിയിൽ 15.90 ശരാശരിയോടെ 10 വിക്കറ്റുകളാണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരായ ഉയർന്ന സ്കോറിങ് സെമിഫൈനലിൽ (ശരാശരി റൺറേറ്റ് 12.5) 8.20 എക്കോണമിയിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ ബുംറയുടെ പ്രകടനം നിർണായകമായിരുന്നു. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രമാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം നേടിയിട്ടുള്ളത്. 2014, 2016 ടൂർണമെന്റുകളിൽ വിരാട് കോലിയും 2024-ൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ ജസ്പ്രീത് ബുംറയുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.