ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​ക്ക് ഇ​ന്ന് തു​ട​ക്കം; ബ​യേ​ൺ പാ​രി​സി​ൽ

പാ​രി​സ്: യൂ​റോ​പ്യ വ​ൻ​ക​ര​യു​ടെ ക്ല​ബ് രാ​ജാ​ക്ക​ന്മാ​രെ തീ​രു​മാ​നി​ക്കു​ന്ന യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ. ഇ​ന്ന് ആ​ദ്യ പാ​ദ​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്നും മു​ൻ ജേ​താ​ക്ക​ളാ​യ ബ​യേ​ൺ മ്യൂ​ണി​ക്കും ഏ​റ്റു​മു​ട്ടും. ഇ​തു​വ​രെ കി​രീ​ട ഭാ​ഗ്യ​മു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത ആ​ഴ്സ​ന​ൽ, അ​ത്‍ല​റ്റി​ക്കോ മ​ഡ്രി​ഡ് ടീ​മു​ക​ൾ ബു​ധ​നാ​ഴ്ച നേ​ർ​ക്കു​നേ​ർ വ​രും.

പി.​എ​സ്.​ജി​യു​ടെ ത​ട്ട​ക​മാ​യ പാ​ർ​ക് ഡെ​സ് പ്രി​ൻ​സ​സി​ൽ ഇ​റ​ങ്ങു​ന്ന ബ​യേ​ൺ ജ​ർ​മ​നി​യി​ൽ ബു​ണ്ട​സ് ലി​ഗ ചാ​മ്പ്യ​ൻ പ​ട്ടം നി​ല​നി​ർ​ത്തി​യ​തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ്. ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്റെ ഇ​രു​പാ​ദ​ങ്ങ​ളി​ലും ഇ​വ​ർ റ​യ​ൽ മ​ഡ്രി​ഡി​നെ​തി​രെ ആ​ധി​കാ​രി​ക ജ​യ​ങ്ങ​ൾ നേ​ടി‍യി​രു​ന്നു. സ്ട്രൈ​ക്ക​ർ സെ​ർ​ജ് നാ​ബ്രി​യു​ടെ പ​രി​ക്ക് വി​ൻ​സ​ന്റ് കൊ​മ്പ​നി​യു​ടെ സം​ഘ​ത്തി​ന് തി​രി​ച്ച​ടി​യാ​ണ്. ടോം ​ബി​ഷോ​ഫും ലെ​ന്ന​റ്റ് കാ​ളും തി​രി​ച്ചു​വ​ര​വി​ന് ഒ​രു​ങ്ങു​ക​യാ​ണെ​ങ്കി​ലും പാ​രി​സി​ൽ ഇ​റ​ങ്ങി​ല്ല. ഹാ​രി കെ​യ്ൻ ന​യി​ക്കു​ന്ന മു​ന്നേ​റ്റ​ത്തി​ലാ​ണ് പ്ര​ധാ​ന പ്ര​തീ​ക്ഷ. പി​ന്തു​ണ​യു​മാ​യി മൈ​ക്ക​ൽ ഒ​ലി​സും ലൂ​യി​സ് ഡ​യ​സും ജ​മാ​ൽ മൂ​സി​യാ​ല​യും ജോ​ഷ്വ കി​മ്മി​ച്ചു​മു​ണ്ട്. ക്രോ​സ് ബാ​റി​ന് കീ​ഴി​ൽ മാ​നു​വ​ൽ നൂ​യ​ർ വി​ശ്വാ​സം കാ​ക്കു​ന്നു.

സം​ഘം ലൂ​യി​സ് എ​ൻ​ട്രി​ക്കി​ന് കീ​ഴി​ൽ ഫ്ര​ഞ്ച് ചാ​മ്പ്യ​ൻ പ​ട്ടം നി​ല​നി​ർ​ത്താ​നൊ​രു​ങ്ങു​ന്ന പി.​എ​സ്.​ജി ക്വാ​ർ​ട്ട​റി​ന്റെ ഇ​രു​പാ​ദ​ങ്ങ​ളി​ലും ലി​വ​ർ​പൂ​ളി​നെ ര​ണ്ടു​വീ​തം ഗോ​ളി​നാ​ണ് ത​രി​പ്പ​ണ​മാ​ക്കി​യ​ത്. പ​രി​ക്ക് കാ​ര​ണം പു​റ​ത്താ​യി​രു​ന്ന വി​റ്റി​ഞ്ഞ മ​ട​ങ്ങി​വ​രു​ന്ന​ത് മ​ധ്യ​നി​ര​ക്ക് ക​രു​ത്തു​കൂ​ട്ടും. ഉ​സ്മാ​ൻ ഡെ​ബ​ലും ഡി​സ​യ​ർ ഡൂ​വും ഖ്വി​ച്ച ക്വാ​റ​ത്‌​സ്‌​ഖേ​ലി​യ​യു​മ​ട​ങ്ങു​ന്ന ആ​ക്ര​മ​ണ​നി​ര​യെ നി​യ​ന്ത്രി​ക്കാ​ൻ ബ​യേ​ൺ പാ​ടു​പെ​ടു​മെ​ന്നു​റ​പ്പാ​ണ്. ജാ​വോ നെ​വ​സ്, ഫാ​ബി​യ​ൻ റൂ​യി​സ് തു​ട​ങ്ങി​യ​വ​ർ മ​ധ്യ​നി​ര​യി​ലും അ​ഷ്റ​ഫ് ഹ​ക്കീ​മി​യും നൂ​നോ മെ​ൻ​ഡ​സും മാ​ർ​ക്കി​ഞ്ഞോ​സു​മെ​ല്ലാം പ്ര​തി​രോ​ധ​ത്തി​ലും അ​ണി​നി​ര​ക്കു​ന്നു​ണ്ട്.